ചെമ്പേരി: ഏരുവേശി പഞ്ചായത്ത് പരിധിയിലെ മലയോര ഹൈവേ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും ഉണ്ടായതായി ആക്ഷേപമുന്നയിച്ച് ജനകീയ സമിതി അന്വേഷണം ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎക്ക് പരാതി നൽകി.
ഉളിക്കൽ, പയ്യാവൂർ, ഏരുവേശി, നടുവിൽ, ആലക്കോട്, ചെറുപുഴ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ഭാഗമായ റോഡുകളിൽ അനധികൃതമായി മണ്ണ് നിക്ഷേപിക്കുകയും റോഡിന്റെ സ്വാഭാവികമായ അവസ്ഥയിൽ മാറ്റം വരുത്തുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വാഹന ഗതാഗതത്തിനും പ്രദേശവാസികളുടെ സഞ്ചാരത്തിനും തടസം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വാർഡ് അംഗം, വില്ലേജ് ഓഫീസർ, സർവേയർ എന്നിവർക്കു പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നും റോഡിന്റെ അതിർത്തി കൃ ത്യമായി നിർണയിച്ച് കൈയേറ്റങ്ങൾ ഒഴിവാക്കുകയും പൊതു ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യണമെന്നാണു പരാതിയിൽ ആവശ്യപ്പെടുന്നത്.
വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധങ്ങൾക്കിടയിലും പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ ദുരന്ത നിവാരണ അഥോറിറ്റി അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തി ബന്ധപ്പെട്ട കരാറുകാരനും വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.
Tags : Public committee Nattuvishesham District News