പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ഔദ്യോഗിക കണക്കനുസരിച്ച് 298 പേരുടെ മരണത്തിനിടയാക്കിയ പുഞ്ചിരിമട്ടം ഉരുള്‍ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ 30ന് പുത്തുമല ഹൃദയഭൂമിയില്‍ ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തും.
ദുരന്തത്തില്‍ ജീവന് നഷ്ടമായതില്‍ ഹൃദയഭൂമിയില്‍ സംസ്കരിച്ചവരുടെ കല്ലറകളില്‍ പുഷ്പാര്‍ച്ചന രാവിലെ ഏഴിന് തുടങ്ങും. ഒമ്പതിന് സര്‍വമത പ്രാര്‍ഥന ആരംഭിക്കും. തുടര്‍ന്നുചേരുന്ന അനുസ്മരണ സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍, അതീജീവിതര്‍, ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ സന്നദ്ധപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ രാധ രാമസ്വാമി, സുനീറ മുഹമ്മദ് റാഫി, ഷൈജ കുമ്പമ്പറ്റ, മെംബര്‍ കെ.കെ. സഹദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സി. ശിഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
ഉരുള്‍പൊട്ടല്‍ നടന്ന് രണ്ട് വര്‍ഷമായിട്ടും ദുരന്തബാധിതരുടെ പ്രശ്നങ്ങളില്‍ പലതും പരിഹൃതമായില്ല. മുണ്ടക്കൈ, പടവെട്ടി, അട്ടമല പ്രദേശങ്ങളിലെ 60ല്‍പരം കുടുംബങ്ങള്‍ പുനരധിവാസ ഗുണഭോക്തൃ പട്ടികയ്ക്കു പുറത്താണ്. എസ്റ്റേറ്റ് പാടികളില്‍ വാടകയ്ക്ക് കഴിഞ്ഞവരടക്കം ഇതില്‍പ്പെടും. മുഴുവന്‍ ബാങ്ക് വായ്പകളും എഴുതിത്തള്ളണമെന്ന ദുരന്തബാധിതരുടെ ആവശ്യം നിറവേറിയില്ല. മൈക്രോ പ്ലാനില്‍ രണ്ട് ലക്ഷം രൂപ വീതം സഹായധനം അനുവദിക്കല്‍, കൃഷിയും കൃഷിഭൂമിയും കെട്ടിടങ്ങളും കടമുറികളും നഷ്ടമായവര്‍ക്ക് സഹായം എന്നിവയും പരിഹാരം തേടുന്ന പ്രധാന പ്രശ്നങ്ങളാണ്.
അതീവ പരിസ്ഥിതിലോല പ്രദേശമായ വെള്ളാര്‍മല വില്ലേജില്‍ പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാണ്. 1984 ലിലും 2000 ത്തിലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. 2019ല്‍ പുത്തുമലയില്‍ ഉരുള്‍ ദുരന്തം ഉണ്ടായി. 2024ല്‍ പുഞ്ചിരിമട്ടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വലിയ വിനാശത്തിനാണ് കാരണമായത്. ഏറ്റവും ഒടുവില്‍ ജൂലൈ ഏഴിന് വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലെ കള്ളാടിക്കടുത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലുണ്ടായി. വെള്ളാര്‍മല വില്ലേജിലെ ദുരന്തസാധ്യതാ പ്രദേശങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണ്. ആയിരത്തിലധികം കുടുംബങ്ങള്‍ ദുരന്തഭീഷണിയിലാണ്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റും പറഞ്ഞു.
Tags : Punchirimattam Landslide NattuVishasham DistrictNews