നന്ദിയോട്ടിൽ കൈവരി തകർന്ന പാലം.
വണ്ടിത്താവളം: നന്ദിയോട്ടിൽ കനാൽപാലത്തിന്റെ കൈവരി തകർന്ന് മാസങ്ങളായിട്ടും പുനർനിർമിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം.
പ്രദേശത്തെ നിരവധി വിദ്യാർഥികൾ പാലത്തിലൂടെ സ്കൂളിലേക്ക് വന്നുപോകുന്നത് ആശങ്കയോടാണ്. പ്രായാധിക്യമുള്ളവർ സഹയാത്രികരുടെ സഹായത്തോടാണ് പാലം കടക്കുന്നത്.
നെല്ലുസംഭരണത്തിനെത്തുന്ന ലോറികൾ ഉൾപ്പെടെയുള്ളവയുടെ സഞ്ചാരം അപകടഭീഷണിയിലാണ്. 1977 ലാണ് മൂലത്തറ ഇടതുകനാൽ കമ്മിഷൻ ചെയ്തത്. അതിനു ശേഷം പാലങ്ങളുടെ സംരക്ഷണം നടത്താതാണ് ദുർബലാവസ്ഥക്ക് കാരണമാവുന്നത്.
കനാലിൽ പൂർണ തോതിൽ വെള്ളമിറക്കിയാൽ പാലത്തിലൂടെ സഞ്ചാരം ഭീതിജനകമാവുകയാണ്.
തകർച്ചാ ഭീഷണിയിലുള്ള പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ജലസേചന വകുപ്പ് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല.
മേൽപ്പാടത്തുനിന്ന് നൂറിലധികം കുടുംബക്കാർ നന്ദിയോട് ടൗണിലെത്തണമെങ്കിൽ ഈ പാലം കടക്കണമെന്നതാണ് ദുരവസ്ഥ.
Tags :