കുടംപുളി പുകയില്‍ ഉണക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: കാലവര്‍ഷം ശക്തമായതോടെ വയനാട്ടിലെ കുടംപുളി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ജില്ലയില്‍ കുടംപുളി ശേഖരിച്ച് ശാസ്ത്രീയമായി ഉണക്കി സംസ്കരിക്കാനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഓരോ വര്‍ഷവും ടണ്‍കണക്കിന് വിളയാണ് തോട്ടങ്ങളില്‍ കിടന്ന് നശിക്കുന്നത്.
മികച്ച വില ലഭിക്കുന്ന മൂല്യവര്‍ധിത കാര്ഷികവിളയായിട്ടും സംസ്കരണ സൗകര്യങ്ങളുടെ അഭാവം കര്‍ഷകരെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്.വയനാട്ടിലെ ഒട്ടുമിക്ക തോട്ടങ്ങളിലും കുരുമുളക്, കാപ്പി തുടങ്ങിയ പ്രധാനവിളകള്ക്കൊപ്പം അധികവരുമാനം ലക്ഷ്യമിട്ട് കര്‍ഷകര്‍ കുടംപുളിയും കൃഷി ചെയ്യുന്നുണ്ട്. കുടംപുളി ശേഖരിച്ച് പരമ്പരാഗത രീതിയില്‍ പുകയിട്ട് ഉണക്കിയാണ് വിപണിയിലെത്തിക്കുന്നത്. എന്നാല്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ഈ രീതി പ്രായോഗികമല്ലാതാകുകയും ഉണക്കാനാകാതെ പഴങ്ങള്‍ തോട്ടങ്ങളില്‍ തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. സംസ്കരിച്ച് ഉണക്കിയ കൊടംപുളിക്ക് ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 200 മുതല്‍ 300 രൂപവരെ വിപണിവില ലഭിക്കുന്നുണ്ട്.
എന്നാല്‍ ഉണക്കല്‍, സംഭരണം എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഈ വരുമാനമാണ് കര്‍ഷകര്‍ക്ക് നഷ്ടമാകുന്നത്. വര്‍ഷംതോറും ടണ്‍കണക്കിന് കുടംപുളി ഉപയോഗശൂന്യമായി നശിക്കുന്നതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.കൃഷിവകുപ്പിന്റെയോ സഹകരണ മേഖലയുടെയോ നേതൃത്വത്തില്‍ കുടംപുളി ശേഖരിച്ച് സംസ്കരിക്കാനുള്ള പൊതുസംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. അതോടൊപ്പം ആധുനിക ഡ്രയര്‍ യൂണിറ്റുകള്‍, സംഭരണകേന്ദ്രങ്ങള്‍, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റുകള്‍ എന്നിവ ആരംഭിക്കുന്നതിന് സബ്സിഡിയും ധനസഹായവും ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കുടംപുളിയില് നിന്ന് വിവിധ ഭക്ഷ്യഔഷധ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങള്‍ ജില്ലയില്‍ സ്ഥാപിച്ചാല്‍ കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കാനും കാര്‍ഷിക മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറക്കാനുമാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
Tags : Local News Nattuvishesham Kodampuli Farmers in crisis