പ്രതീകാത്മക ചിത്രം
തൃശൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടികളുടെ നാശനഷ്ടം. കെ എസ്ഇബിക്ക് 2.23 കോടിയുടെയും കാർഷിക മേഖലയ്ക്ക് 28.35 ലക്ഷം രൂപയുടെയും നഷ്ടം രേഖപ്പെടുത്തി. പൊതുമരാമത്തു റോഡുകളിൽ 3.31 ലക്ഷത്തിന്റെ കേടുപാടുണ്ടായി. എട്ടു വീടുകൾ പൂർണമായും 108 വീടുകൾ ഭാഗികമായും തകർന്നു. മഴ ആരംഭിച്ചശേഷം വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചു. ജൂണ് നാലുമുതൽ ഇന്നുവരെ ജില്ലയിൽ 1211.39 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
വിവിധ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് 58 പേരെ മാറ്റിപ്പാർപ്പിച്ചു. ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 17 കുടുംബങ്ങളിലെ 19 പുരുഷന്മാരും 28 സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടുന്നു. മഴ കനത്തതോടെ പൂമല, പെരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കേരള ഷോളയാർ ഡാം, പീച്ചി, ചിമ്മിനി, വാഴാനി, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽനിന്ന് സുരക്ഷിതയിടങ്ങളിലേക്കു മാറണം. ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറിത്താമസിക്കാൻ തദ്ദേശ സ്ഥാപന- റവന്യു അധികൃതരുമായി ബന്ധപ്പെടണം. ജലാശയങ്ങൾക്കുമുകളിലുള്ള പാലങ്ങളിൽ കൂട്ടംകൂടി നിൽക്കുകയോ സെൽഫിയെടുക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 54 പേർ
തൃശൂർ: ജില്ലയിൽ വവിധയിടങ്ങളിലായുള്ള അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 54 പേർ താമസിക്കുന്നതായി അധികൃതർ അറിയിച്ചു.
മുപ്ലിയം വില്ലേജിലെ പുലരി അങ്കണവാടിയിൽ രണ്ടുപേർ, നെല്ലായി ജെയുപിഎസിലെ ക്യാമ്പിൽ 13 കുടുംബങ്ങളിലായി 36 പേർ, കെഎസ്യുപിഎസ് തൊട്ടിപ്പാൾ ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേർ, ഇരിങ്ങാലക്കുട വില്ലേജിലെ പകൽ വീട് (ജവഹർ നഗർ) ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലായി അഞ്ചുപേർ, ജിഎൽപിഎസ് കുറുമ്പിലാവ് ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി എട്ടുപേരുമാണു താമസിക്കുന്നത്. മൊത്തം 21 പുരുഷന്മാർ, 25 സ്ത്രീകൾ, എട്ടു കുട്ടികൾ, 16 മുതിർന്ന പൗരന്മാർ, ഒരു ഗർഭിണി എന്നിങ്ങനെയാണു ക്യാന്പിലുള്ളത്.
Tags : Nattuvishesham District News Rain Losses in lakhs agricultural sector