രാമക്കൽമേട്ടിലെ ടൂറിസം വികസനപദ്ധതികൾ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് വിലയിരുത്തുന്നു.
ഒരു കോടിയിലേറെ ചെലവിട്ടിട്ടും നാമമാത്ര
നിർമാണങ്ങൾ; അഴിമതി ആരോപണം
നെടുങ്കണ്ടം: രാമക്കൽമേട് ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി 1.10 കോടി രൂപ അനുവദിച്ചിട്ടും നടപ്പാക്കിയതു നാമമാത്ര നിർമാണ പ്രവർത്തനങ്ങളെന്ന് ആരോപണം. പദ്ധതിയുടെ മറവിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് പരാതി നൽകുമെന്ന് കെപിസിസി സെക്രട്ടറി എം.എൻ. ഗോപി അറിയിച്ചു.
കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേടിന്റെ വികസനത്തിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് തുക അനുവദിച്ചത്.
സിമന്റ് ബെഞ്ചുകൾ സ്ഥാപിക്കൽ, റെയിൻ ഷെൽട്ടർ നിർമാണം, കാന്റീൻ, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയത്. എന്നാൽ, ലക്ഷ്യമിട്ട വികസനപ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം.
വിനോദസഞ്ചാരികൾക്ക് ചിത്രങ്ങളെടുക്കുന്നതിനായി ഇരുമ്പ് ചട്ടക്കൂടിൽ ഒരുക്കിയ ഫോട്ടോ പോയിന്റിന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചെങ്കിലും നിലവിൽ ഇത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. രാമക്കൽമേട്ടിലും ആമപ്പാറയിലും ഉൾപ്പടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിവിധ പദ്ധതികളുടെ നടത്തിപ്പും ചെലവഴിച്ച തുകയും സംബന്ധിച്ച വിശദാംശങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
എം.എൻ. ഗോപിക്കൊപ്പം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. രാമചന്ദ്രൻ, സോണിയ മാർട്ടിൻ, ഷിംല ബീവി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിജയൻ പിള്ള എന്നിവർ രാമക്കൽമേട് സന്ദർശിച്ചു.
Tags : Nattuvishesham District News DeepikaNews Tourism