കോട്ടയം: സ്മാര്‍ട്ട് പിഡിഎസ്, കാര്‍ഡ് റദ്ദാക്കല്‍ തുടങ്ങിയവ റേഷന്‍ കടകളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ. റേഷന്‍ കടകളില്‍നിന്നു ലഭിക്കുന്ന സാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും വാങ്ങാവുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് സ്മാര്‍ട്ട് പിഡിഎസ്. ആറുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പോടെയാണ് ഇത്തവണത്തെ റേഷന്‍ വിതരണ വിവരങ്ങള്‍ പുറത്തുവന്നത്.
ജില്ലയില്‍ ആകെ 5,61,963 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ സെപ്റ്റംബര്‍ മാസത്തില്‍ 4,12,836 കാര്‍ഡുകളില്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്.
1,49,127 കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങാത്തവരാണെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. വിദേശത്ത് കുടുംബസമേതം താമസിക്കുന്നവരുടെയും ആറുമാസത്തിനുള്ളില്‍ നാട്ടിലെത്താത്തവരുടെയും റേഷന്‍ കാര്‍ഡ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
ഏകദേശം 80,000 കാർഡ് ഉടമകളുടെ റേഷന്‍ നഷ്ടമാകുമെന്നാണ് റേഷന്‍ വ്യാപാരികളുടെ നിഗമനം. സ്മാര്‍ട്ട് പിഡിഎസ് നടപ്പാക്കുന്നതോടെ റേഷന്‍ മേഖലയിലേക്ക് കോര്‍പറേറ്റുകള്‍ കടന്നുവരികയും റേഷന്‍വ്യാപാരികള്‍ക്ക് വന്‍തോതില്‍ വരുമാന ചോര്‍ച്ചയുണ്ടാകുകയും ചെയ്യും. ഫലത്തില്‍ റേഷന്‍കടകളുടെ പ്രസക്തി ഇല്ലാതാക്കുന്നതാണ് സ്മാര്‍ട്ട് പിഡിഎസ് പരിഷ്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം നാമമാത്രമാകുമെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
ഇ-പോസിനു പകരം മൊബൈല്‍ ആപ്പ്
സ്മാര്‍ട്ട് പിഡിഎസ് അടുത്ത ഏപ്രിലില്‍ പ്രാബല്യത്തിലാകും. ഇതിന്റെ രണ്ടാംഘട്ടത്തിലാണു റേഷന്‍കടകള്‍ക്ക് പുറത്തും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നത്. സബ്സിഡി കാര്‍ഡുകള്‍ക്കാകും ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭിക്കുക. ഇ-പോസ് മെഷീനുകള്‍ക്കു പകരം മൊബൈല്‍ ആപ്പ് വരും.
സര്‍ക്കാരുമായി കരാറിലേര്‍പ്പെടുന്ന കടകള്‍ക്ക് എഫ്സിഐ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കും. റേഷന്‍ ആപ്പ് വ്യാപാരകേന്ദ്രങ്ങള്‍ക്കും നല്‍കും. സബ്സിഡി തുക കേന്ദ്ര സര്‍ക്കാര്‍ വ്യാപാരികളുടെ അക്കൗണ്ടിലിടും. സംസ്ഥാന സര്‍ക്കാരിന് സമ്മതമെങ്കില്‍, സപ്ലൈകോയില്‍ ലഭ്യമാകുന്ന മറ്റ് സബ്സിഡി സാധനങ്ങളും സ്വകാര്യ കടകളില്‍ അനുവദിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കു സബ്സിഡിയും സൗജന്യവും ഉറപ്പാക്കാന്‍ ഇ വാലറ്റും വരും. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയായ ഇ റുപ്പി (സിബിഡിസി) കേന്ദ്ര സര്‍ക്കാര്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കു ലഭ്യമാക്കും.
റേഷന്‍ സബ്സിഡി അല്ലെങ്കില്‍ സൗജന്യ ധാന്യങ്ങള്‍ക്കുള്ള പണം ഇ റുപ്പി ടോക്കണുകളായി ഫോണിലെ ഇ റുപ്പി വാലറ്റിലെത്തും. തുക, ഇനം എന്നിവയ്ക്ക് തുല്യമായ ടോക്കണുകളാണ് എത്തുക. ടോക്കണുകള്‍ കൈമാറാന്‍ കഴിയില്ല. യഥാര്‍ഥ ഗുണഭോക്താവിനേ ഉപയോഗിക്കാനാവൂ. സംസ്ഥാനത്ത് ഇ വാലറ്റ് മുഖേനയുള്ള റേഷന്‍ വാങ്ങല്‍ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാകും ആദ്യം നടപ്പാക്കുക.
തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടുന്നത് ഈ മാസം മുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇ-കെവൈസി അപ്ഡേഷന് പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിട്ടുള്ളതിനാല്‍, ഇതുവരെ പൂര്‍ത്തിയാക്കാത്ത ഉപയോക്താക്കള്‍ ഇതുകൂടി ശ്രദ്ധിക്കണം. അധികമായി ലഭിക്കുന്ന അരി, ആട്ട, ഗോതമ്പ് വിഹിതങ്ങള്‍ അതത് താലൂക്കുകളിലെയും, കടകളിലെയും സ്റ്റോക്കിന് വിധേയമായിരിക്കും.
വിവിധ കാര്‍ഡുകള്‍ക്കു ലഭിക്കുന്ന സാധനങ്ങള്‍
അന്ത്യോദയ അന്ന യോജന (എഎവൈ മഞ്ഞ കാര്‍ഡ്): 30 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും തികച്ചും സൗജന്യമായി ലഭിക്കും. മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കില്‍ കിട്ടും.
മുന്‍ഗണനാ വിഭാഗം (പിഎച്ച്എച്ച് പിങ്ക് കാര്‍ഡ്): കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച് ഗോതമ്പിന് പകരം പാക്കറ്റ് ആട്ട ഒന്‍പതു രൂപ നിരക്കിലും നല്‍കും. അധികമായി ഒരു കാര്‍ഡിന് പരമാവധി മൂന്നു കിലോഗ്രാം വരെ അരി 26 രൂപ നിരക്കില്‍ കിട്ടും.
പൊതു വിഭാഗം സബ്സിഡി (എന്‍പിഎസ് നീല കാര്‍ഡ്): ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരി വീതം നാലു രൂപ നിരക്കില്‍ ലഭിക്കും. സ്പെഷല്‍ വിഹിതമായി രണ്ടു കിലോഗ്രാം ഗോതമ്പ് 8.70 രൂപ നിരക്കിലും ലഭിക്കും. അധിക വിഹിതമായി 10 കിലോഗ്രാം വരെ അരി 26 രൂപയ്ക്കും നാലു കിലോഗ്രാം വരെ ആട്ട 17 രൂപയ്ക്കും ലഭിക്കും.
പൊതു വിഭാഗം (എന്‍പിഎന്‍എസ് വെള്ള കാര്‍ഡ്): ഒരു കാര്‍ഡിന് നാലു കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. സ്പെഷല്‍ വിഹിതമായി രണ്ടു കിലോഗ്രാം ഗോതമ്പ് 8.70 രൂപയ്ക്കും ലഭിക്കും. അധിക വിഹിതമായി 10 കിലോഗ്രാം വരെ അരി 26 രൂപയ്ക്കും നാലു കിലോഗ്രാം വരെ ആട്ട 17 രൂപയ്ക്കും വാങ്ങാം.
ബ്രൗണ്‍ കാര്‍ഡ് (എൻപിഐ സ്ഥാപനങ്ങള്‍): രണ്ടു കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭിക്കും. അധിക വിഹിതമായി 10 കിലോഗ്രാം വരെ അരി 26 രൂപയ്ക്കും ഒരു കിലോഗ്രാം ആട്ട 17 രൂപയ്ക്കും ലഭിക്കും. ഈമാസം മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ വൈദ്യുതിയുള്ള മഞ്ഞ കാര്‍ഡുകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് അര ലിറ്ററും മണ്ണെണ്ണ ലഭിക്കും. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആറു ലിറ്ററാണ് ലഭിക്കുന്നത്.
Tags : NattuVishesham DistrictNews