x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്ത് തോ​രാ​മ​ഴ​യ്ക്ക് ആ​ശ്വാ​സം; നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 4, 2026 01:22 AM IST | Updated: August 4, 2026 01:22 AM IST

ഉ​രു​പ്പും​കു​റ്റി മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന കൃ​ഷി​യി​ടം.

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മാ​യ​തോ​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പ് വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​രി​ട്ടി താ​ലൂ​ക്ക് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 45 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി. ഇ​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു.
മ​രം വീ​ണും മ​ണ്ണി​ടി​ഞ്ഞും പ​ത്തോ​ളം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കൃ​ഷി​നാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​ശേ​ഷ​മേ ആ​കെ ന​ഷ്ട​ത്തി​ന്‍റെ ചി​ത്രം വ്യ​ക്ത​മാ​കൂ.​അ​റ​ബി, മു​ണ്ട​യാം​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ൾ പി​രി​ച്ചു​വി​ട്ടു. ആ​റ​ള​ത്തെ ര​ണ്ട് ക്യാ​മ്പു​ക​ൾ തു​ട​രും. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കി​ളി​യ​ന്ത​റ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി; 15 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ പാ​ർ​പ്പി​ക്കും

കി​ളി​യ​ന്ത​റ അ​ഞ്ചേ​ക്ക​ർ പു​ന​ര​ധി​വാ​സ കോ​ള​നി​യി​ലെ 15 കു​ടും​ബ​ങ്ങ​ളെ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വീ​ടു​ക​ൾ​ക്ക് സ​മീ​പം വ​ലി​യ ഭൂ​വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

2018-ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ​യാ​ണ് കി​ളി​യ​ന്ത​റ​യി​ൽ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രു​ന്ന​ത്. കു​ന്നി​ൻ​പ്ര​ദേ​ശം മൂ​ന്ന് ത​ട്ടു​ക​ളാ​യി തി​രി​ച്ചാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്. ര​ണ്ടാം നി​ര​യി​ലെ വീ​ടു​ക​ൾ​ക്കും മു​ക​ളി​ലെ നി​ര​യി​ലെ വീ​ടു​ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് വ​ലി​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ണ്ണി​ടി​ഞ്ഞാ​ൽ വീ​ടു​ക​ളി​ലേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

കു​ന്നി​ടി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു

വ​ള്ളി​ത്തോ​ട് കി​ളി​യ​ന്ത​റ 32-ൽ ​വെ​ട്ടി​ക്ക​ൽ നോ​ബി​ൾ ജോ​ർ​ജി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ കു​ന്നി​ടി​ഞ്ഞ് ക​ല്ലും മ​ണ്ണും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് പ​തി​ച്ചു. അ​ടു​ക്ക​ള ത​ക​ർ​ന്ന​തോ​ടൊ​പ്പം വാ​ഷിംഗ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വീ​ടി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​തേ പ്ര​ദേ​ശ​ത്തെ കാ​ത​ർ കു​ള​ങ്ങ​ര​പ്പ​ള്ളി​യു​ടെ വീ​ടി​ന് പി​ന്നി​ലെ കു​ന്നി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​ടി​ന് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

ഉ​രു​പ്പും​കു​റ്റി മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ; മൂ​ന്നേ​ക്ക​റി​ലെ കൃ​ഷി ന​ശി​ച്ചു

അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മൂ​ന്ന് ഏ​ക്ക​റി​ല​ധി​കം കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 1,300 അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​ല​മു​ക​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ.​സി. ബെ​ന്നി, സ​ണ്ണി കു​ന്നി​ൻ, മ​ത്താ​യി കു​ന്നി​ൻ എ​ന്നി​വ​രു​ടെ റ​ബ​ർ, ക​ശു​മാ​വ്, ക​മു​ക്, വാ​ഴ, കാ​പ്പി, തെ​ങ്ങ് തു​ട​ങ്ങി​യ വി​വി​ധ കൃ​ഷി​വി​ള​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്. ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യാ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

ശ​നി​യാ​ഴ്ച അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ 300 മി​ല്ലി​മീ​റ്റ​റി​ല​ധി​കം മ​ഴ ല​ഭി​ച്ചി​രു​ന്നു. അ​ന്നാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.

അ​യ്യ​ൻ​കു​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ജി.​ആ​ർ. ആ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സി.​കെ. സു​മേ​ഷ്, കെ.​എം. സ​ഫ്‌​വാ​ൻ എ​ന്നി​വ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് ന​ഷ്ട​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും ക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ട്ടു. ശാ​സ്ത്രീ​യ പ​ഠ​ന​വും സ്ഥി​ര​മാ​യ മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News Relief torrential rains

Recent News

Corehub Up