നിർമാണം പുരോഗമിക്കുന്ന ജില്ലാ കോടതിപ്പാലം.
ആലപ്പുഴ: നഗരത്തിൽ നിർമാണം പരോഗമിക്കുന്ന കോടതിപ്പാലം റോഡിൽ തിരക്കേറിയ സമയങ്ങളിൽ മണ്ണുമാറ്റൽ ജോലികൾ നടത്തുന്നത് കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിന്റെ വീതി കുറച്ചാണ് യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലികൾ നടക്കുന്നത്. വാഹനഗതാഗതമില്ലാത്ത റോഡിലൂടെ നിലവിൽ കാൽനട മാത്രമാണുള്ളത്.
രാവിലെയും വൈകുന്നേരവും സ്കൂൾ, ഓഫീസ് സമയങ്ങളിലാണ് പ്രധാനമായും മണ്ണുമാറ്റൽ ജോലികൾ നടക്കുന്നത്. ഈ സമയത്ത് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. മുല്ലയ്ക്കൽ ഭാഗത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് ഇറങ്ങി വൈഎംസിഎ ജംഗ്ഷനിലെത്തി സ്വകാര്യബസ് കയറാൻ പോകുന്നവരും ഉൾപ്പടെ ഇതുകാരണം വലിയ പ്രയാസത്തിലാണ്.
നിർമാണം അടിയന്തരമായി പൂർത്തിയാക്കുന്നതിനിടയിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും സ്കൂൾ, ഓഫീസ് സമയങ്ങളിൽ മണ്ണുമാറ്റൽ ജോലികൾ ഒഴിവാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
കാൽനടക്കാർ ഭീതിയിൽ
നിർമാണം കാരണം റോഡിന്റെ വീതി കുറഞ്ഞതിനാൽ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി കടന്നുപോകാൻ വലിയ ബുദ്ധിമുട്ടാണ്. ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം റോഡിൽ വഴിമുടക്കി നിന്നതോടെ യാത്രക്കാർക്ക് യന്ത്രത്തിൽ തൂങ്ങിയാണ് കടന്നുപോയത്.
യന്ത്രത്തിന്റെ മണ്ണ് കോരുന്ന ഭാഗം തിരിയുമ്പോൾ ഭയത്തോടെയാണ് പലരും കടന്നുപോകുന്നത്. മറ്റുവഴികളില്ലാത്തതിനാൽ യന്ത്രം ജോലി നിറുത്തുന്നതുവരെ യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടിവരുന്നു.
Tags :