റോഡ് നിർമാണത്തിനായി ഇറക്കിയ മെറ്റൽ.
ആലുവ: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച റോഡ് നന്നാക്കാനായി നാട്ടുകാർ നടത്തിയ ഉപരോധസമരം ലക്ഷ്യം കണ്ടു. ആലുവ ബൈപാസ് കവലയ്ക്കും ബാങ്ക് കവലയ്ക്കും ഇടയിലുള്ള ബ്രിഡ്ജ് റോഡിൽ കുടിവെള്ള പൈപ്പ് ഇടാൻ പൊളിച്ച മേഖലയുടെ പുനർനിർമാണം ആരംഭിച്ചു.
ഇതിന് മുന്നോടിയായി മെറ്റൽ ലോഡുകൾ ബ്രിഡ്ജ് റോഡിൽ ഇറക്കി നിരത്തിത്തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാകുമെന്നാണ് സൂചന. 2025 നവംബർ മാസത്തിലാണ് ബ്രിഡ്ജ് റോഡിന്റെ പടിഞ്ഞാറ് വശത്ത് പുതിയ ജലവിതരണ പൈപ്പ് സ്ഥാപിച്ചത്.
പൊളിച്ച റോഡ് പുനർനിർമിക്കാൻ വാട്ടർ അഥോറിറ്റി മുൻകൂറായി പൊതുമരാമത്ത് വകുപ്പിന് പണം നൽകിയിരുന്നു. എന്നാൽ അവർ 10 മാസമായിട്ടും പൈപ്പ് മാറ്റാൻ നീളത്തിൽ തോട് കീറിയ ഭാഗം ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം നാട്ടുകാർ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചത്.