ചുമതലയേറ്റ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ.
പാലക്കാട്: ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ജില്ലയില്‍ പഞ്ചായത്തുകളിലായി 1,636, ബ്ലോക്ക് പഞ്ചായത്തുകളിലായി 200 , ജില്ലാ പഞ്ചായത്തില്‍ 31 , നഗരസഭകളിലായി 234 അടക്കം 2116 ജനപ്രതിനിധികളാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. സാധാരണഗതിയില്‍ അവധി ദിവസങ്ങളില്‍ ഇത്തരം ഭരണഘടനാപരമായ യോഗങ്ങള്‍ ചേരാറില്ല.
എന്നാല്‍ നിലവിലെ ഭരണസമിതികളുടെ കാലാവധി ഈമാസം 20ന് അവസാനിച്ച സാഹചര്യത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒഴിവാക്കാനാണ് സര്‍ക്കാര്‍ പ്രത്യേക ചട്ടഭേദഗതി വരുത്തിയത്.
ഇതോടെ ഞായറാഴ്ചതന്നെ പുതിയ അംഗങ്ങള്‍ക്ക് ചുമതലയേല്‍ക്കാന്‍ വഴിതുറന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് വരണാധികാരികള്‍ മുതിർന്ന അംഗത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം തുടര്‍ന്ന് മറ്റംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ ഔദ്യോഗിക യോഗവും ചേര്‍ന്നു. ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തെരഞ്ഞടുപ്പ് സംബന്ധിച്ച് അറിയിപ്പ് അതാത് സെക്രട്ടറിമാർ വായിച്ചു.
നഗരസഭകളിലെ ചെയര്‍പേഴ്സണ്‍ തെരഞ്ഞടുപ്പ് 26ന് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തെരഞ്ഞടുപ്പ് അന്നേ ദിവസം ഉച്ചക്കുശേഷം രണ്ടരയ്ക്കും നടത്തും. ഗ്രാമ. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് 27ന് യഥാക്രമം രാവിലെ പത്തരക്കും ഉച്ചക്കുശേഷം രണ്ടരയ്ക്കും നടക്കും.
മുതിർന്ന അംഗത്തിന്റെ
സ്ഥാനമേൽക്കൽ, തുടര്‍ന്നു
മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞ
വടക്കഞ്ചേരിയിൽ
വരണാധികാരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ളിസൺ സി. ഡേവിസ് മുതിർന്ന അംഗമായ വാർഡ് ഒന്ന് പരുവാശേരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിലെ സി. പ്രഭാകരന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് പ്രഭാകരൻ മറ്റു 21 അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് അംഗങ്ങൾ രാഷ്ട്രീയകക്ഷി, മുന്നണി ബന്ധം വ്യക്തമാക്കി രജിസ്റ്ററിൽ ഒപ്പിട്ടു. ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും ഗ്രൂപ്പു ഫോട്ടോയെടുത്താണ് സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചത്.
വണ്ടാഴിയിൽ
വരണാധികാരി ഒ.എച്ച്. റംലത്ത്, മുതിർന്ന അംഗമായ വാർഡ് 15 പൊൻകണ്ടത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ അച്ചാമ്മ ജോസഫിന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഇവർ മറ്റു അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കണ്ണമ്പ്രയിൽ
വരണാധികാരി പി. ആദർശ് മുതിർന്ന അംഗമായ വാർഡ്- എട്ട് ചിറയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിലെ എം. ചെന്താമരാക്ഷന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റു അംഗങ്ങൾക്ക് ചെന്താമരാക്ഷൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അംഗങ്ങളെല്ലാം ചുമതലയേറ്റു.
പുതുക്കോട്
വരണാധികാരി ഡി. സൗന്ദര്യ മുതിർന്ന അംഗം വാർഡ്- ആറ് തെരുവിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ പി.സി. അബ്ദുള്ളക്ക് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് അബ്ദുള്ള മറ്റു അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കിഴക്കഞ്ചേരിയിൽ
വരണാധികാരി എസ്. സൂരജ് മുതിർന്ന അംഗമായ വാർഡ്- 18 വാൽ കുളമ്പിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെ ലീലാമ്മ ജോസഫിന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് അവർ മറ്റു 23 അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നെല്ലിയാന്പതിയിൽ
നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തിൽ മുതിർന്ന അംഗം പി. മായാണ്ടിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അയിലൂരിൽ
അയിലൂർ ഗ്രാമപഞ്ചായതിൽ എട്ടാം വാർഡ് പുത്തൻതറയിൽ നിന്ന് വിജയിച്ച രാജൻ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റംഗങ്ങൾക്ക് സത്യവാചകം ചെല്ലിക്കൊടുത്തു.
നെന്മാറയിൽ
നെമ്മാറ പാർക്ക് മൈതാനിയിൽനടന്ന ചടങ്ങിൽ മുതിർന്ന നെന്മാറ ഗ്രാമപഞ്ചായത്ത് അംഗം എം.ആർ നാരായണൻ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു തുടർന്ന് വാർഡ് ക്രമത്തിൽ മറ്റ് അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു.
മേലാർകോട്ടിൽ
മേലാർകോട് ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം കെ.സി. വിജയൻ വരണാധികാരി മുൻപാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.