പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കോണ്‍സലായി അഡ്വ. പ്രേംചന്ദിനെ നിയമിച്ചതിനെതിരേ കൂടുതൽ പരാതികൾ. ബിജെപി പ്രവർത്തകനെയാണു കോണ്‍ഗ്രസ് ഭരിക്കുന്ന കോർപറേഷനുവേണ്ടി ഹൈക്കോടതിയിൽ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചതെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽപോലും ബിജെപിക്കു വേണ്ടിയാണു പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ പൂക്കോട് മണ്ഡലം കമ്മിറ്റിയും വാർഡ് കമ്മിറ്റിയുമാണ് കെപിസിസി പ്രസിഡന്റിനു പരാതി നൽകിയത്.
നിയമനം അറിഞ്ഞയുടൻ മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പരസ്യ പ്രതിഷേധം നടത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെയും പ്രവർത്തകരുടെയും നിർദേശപ്രകാരം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. 28 വർഷം മുന്‍പ് പാർട്ടിവിട്ട് ബിജെപിക്കൊപ്പംചേർന്നു കോണ്‍ഗ്രസിനെതിരേ പ്രവർത്തിക്കുന്നയാളാണെന്നും പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണിതെന്നും പ്രമേയത്തിൽ പറയുന്നു. പ്രമേയത്തിന്റെ പകർപ്പ് കെപിസിസിക്കു നൽകി.
ഗുരുവായൂർ മുസിനിപ്പാലിറ്റിയിലെ അഡ്വ. പ്രേംചന്ദ് ഉൾപ്പെടുന്ന വാർഡിൽ 1995 മുതൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചവർ വ്യക്തിപരമായും 41-ാം വാർഡ് കമ്മിറ്റി ഒറ്റക്കെട്ടായും കെപിസിസിക്കു പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹം ബിജെപിക്കാരനാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടതാണെന്നും വോട്ട് അഭ്യർഥിച്ചു ചെല്ലുന്പോൾ പോലും അവഗണനയാണു നേരിട്ടിട്ടുള്ളതെന്നും വാർഡ് കമ്മിറ്റിയുടെ പരാതിയിൽ പറയുന്നു. വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി വി.കെ. വിമലും പരാതിനൽകിയട്ടുണ്ട്.
നിയമനത്തിനു പിന്നാലെ ഡിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ഒരു വിഭാഗം രംഗത്തുവന്നിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെയാണു പ്രവർത്തകരും വിവിധ പ്രാദേശിക കമ്മിറ്റികളും രംഗത്തുവന്നത്. മുന്‍പ് വിവാദം ഉയർന്നപ്പോൾ ലോയേഴ്സ് കോണ്‍ഗ്രസിന്റെ പ്രവർത്തകനാണെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ നേതൃത്വം പ്രതിരോധിച്ചത്.