തെന്മല: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശമായി ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകളും കൃഷിയിടങ്ങളും സാധാരണ ജനങ്ങളുടെ ഉപജീവന മേഖലകളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തെന്മല പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി.
തെന്മല പഞ്ചായത്തിലെ ഇടമണ്‍ വില്ലേജും തെന്മല വില്ലേജും ഉള്‍പ്പെടുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്ന നടപടിയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
നൂറ്റാണ്ടുകളായി ഈ പ്രദേശങ്ങളില്‍ താമസിച്ചുവരുന്ന സാധാരണ ജനങ്ങളും കര്‍ഷകരും തങ്ങളുടെ വീടുകളും കൃഷിയിടങ്ങളും അനുബന്ധ തൊഴിലുകളും ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അവരുടെ ജീവിത ാഹചര്യങ്ങളും ഭൂമിയുടെ സ്വഭാവവും പ്രാദേശിക യാഥാര്‍ഥ്യങ്ങളും പരിഗണിക്കാതെ പരിധി നിശ്ചയിക്കുന്നത് അംഗീകരിക്കാനാകില്ല.
ഇഎസ്എ വിജ്ഞാപനം നിലവിലെ രൂപത്തില്‍ നടപ്പാക്കിയാല്‍ കൃഷി, വീടുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, സാധാരണ ജനങ്ങളുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യമുണ്ടാകും. ഇത് പ്രദേശത്തെ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും ഭരണസമിതി അഭിപ്രായപ്പെട്ടു.
അതിനാല്‍ ഇടമണ്‍ വില്ലേജിലെയും തെന്മല വില്ലേജിലെയും ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, സാധാരണ ജനങ്ങളുടെ ഉപജീവനമേഖലകള് എന്നിവ പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയും നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുകയും വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് തെന്മല പഞ്ചായത്ത് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്കകള്‍ അവഗണിച്ചുകൊണ്ടുള്ള ഒരു നടപടിയും അംഗീകരിക്കില്ലെന്നും തെന്മലയുടെ ജനവാസ മേഖലകളുടെയും കൃഷിയിടങ്ങളുടെയും സംരക്ഷണത്തിനായി ഭരണസമിതി ശക്തമായ നിലപാട് തുടരുമെന്നും പ്രമേയം വ്യക്തമാക്കി.
Tags : Nattuvishesham Districtnews Deepikanews Residential areas