അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂൾ പ്രധാനാധ്യാപകൻ ബിജു തോമസ് അമ്പൂരി, പറക്കോട് എൻഎസ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ ബിനു കെ. സാം എന്നിവരെ ഗുഡ് സമരിറ്റൻ ചാരിറ്റ
റാന്നി: വനവാസികളായ കുട്ടികൾക്ക് വിദ്യയേകിയ ഗുരുക്കന്മാർക്ക് പ്രവേശനോത്സവദിനത്തിൽ സ്നേഹാദരം. ശബരിമല വനമേഖലയിൽ സമർപ്പിത സേവനം നടത്തി വിരമിച്ച അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂൾ പ്രധാനാധ്യാപകൻ ബിജു തോമസ് അമ്പൂരി, പറക്കോട് എൻഎസ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ ബിനു കെ. സാം എന്നിവരെയാണ് ആദരിച്ചത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കിഴക്കൻ മേഖലയിൽ വിദ്യാഭ്യാസ സഹായഹസ്തവുമായി പിന്തുണച്ചു വരുന്ന ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അട്ടത്തോട് ട്രൈബൽ സ്കൂളിലാണ് ആദരിക്കൽ നടന്നത്.
അഞ്ചുവർഷം അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ പ്രധാനാധ്യാപകനാണ് ബിജു തോമസ്. സർവശിക്ഷ അഭിയാനു കീഴിൽ (എസ്എസ്എ) വനമേഖലയിൽ പ്രവർത്തിച്ച ഏഴ് ഏകാധ്യാപക വിദ്യാലയങ്ങളുടെ (എംജിഎൽസി) ചുമതല 2003 മുതൽ 2012 വരെ നിർവഹിച്ച ബിനുകെ.സാം 2017 വരെ ഈ മേഖലയിൽ തുടർസേവനവും നടത്തി.
ഏകാധ്യാപക വിദ്യാലയങ്ങളുടെ വളർച്ചയും ഏകോപനവുമാണ് അട്ടത്തോട് ട്രൈബൽ സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിൽ ഇരുവർക്കും പുരസ്കാരം നൽകി പൊന്നാട അണിയിച്ചു.
ഗ്രാമപഞ്ചായത്തംഗം പി. എസ്. ഉത്തമൻ, എഎസ്ഐ ഷൈൻ പദ്മനാഭൻ, ഷിബു ശാമുവൽ, ടീച്ചർ ഇൻ ചാർജ് കെ. എം. സുബീഷ്, ബേബി ജോൺ മണിമലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Pathanamthitta