വ്യാപാരികൾ നിവേദനം നൽകുന്നു.
ആലുവ: നഗരത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ കമ്മിറ്റി നഗരസഭയോട് ആവശ്യപ്പെട്ടു. വ്യാപാരി ഏകോപനസമിതി ആലുവ ടൗൺ പ്രസിഡന്റ് എസ്.എ. രാജന്റെ നേതൃത്വത്തിൽ വിവിധാവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
ആലുവ നഗരത്തിൽ കെഎസ്ആർടിസി , ജില്ലാ ആശുപത്രി, റെയിൽവേ സ്റ്റേഷൻ റോഡ് പരിസരങ്ങളിൽ ഫുട്പാത്തുകളിൽ വഴിയോരക്കച്ചവടം വ്യാപകമാണ്. വ്യാപാരികളുടെ വരുമാനം ഇടിഞ്ഞതോടൊപ്പം കാൽനടയാത്രക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടുകയാണ്. നഗരസഭ ഇടപെട്ട് വഴി വാണിഭം ഒഴിവാക്കണമെന്ന് ഏകോപന സമിതി ആവശ്യപ്പെട്ടു.
അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ബോർഡുകൾ പോലും അനധികൃത നിർമാണമെന്ന പേരിൽ പൊളിച്ച് മാറ്റാനുള്ള നഗരസഭയുടെ നടപടി നിർത്തിവയ്ക്കണം. പമ്പ് കവല മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിവേണം. നഗരത്തിലെ റോഡുകളിൽ സീബ്ര ലൈനുകൾ മാഞ്ഞതിനാൽ റോഡ് കുറുകെ കടക്കുമ്പോൾ അപകടങ്ങൾ നിത്യസംഭവമാണെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
സ്വകാര്യ സംരംഭങ്ങളുടെ സഹായത്തോടെ തെരുവുവിളക്കുകൾ പ്രവർത്തനയോഗ്യമാക്കുമെന്നും റോഡിന് കുറുകെയുള്ള സീബ്ര ലൈനുകൾ വ്യക്തതവരുത്തുമെന്നും നഗരസഭ ചെയർപേഴ്സൺ സൈജി ജോളി ഉറപ്പുനൽകി. വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് വ്യാപാരി സംഘടനയുമായി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കൂവെന്നും ചെയർപേഴ്സൻ പറഞ്ഞു.
Tags : Nattuvishesham LocalNews