അറസ്റ്റിലായ കെ.പി.സിദ്ദിഖ്, പി.കെ.സുഹൈൽ.
തലശേരി: ധർമടം മീത്തലെപീടിക, തലശേരി മണ്ണയാട് എന്നിവിടങ്ങളിലെ വീടുകളിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ധർമടം മീത്തലെ പീടികയിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മണ്ണയാടുള്ള വീട്ടിൽ നിന്ന് സിസിടിവി ഹാർഡ് ഡിസ്കും കവർന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ചെറുവത്തൂർ സ്വദേശി കെ.പി. സിദ്ദിഖ് (47), മലപ്പുറം പുന്നക്കാട് സ്വദേശി പി.കെ.സുഹൈൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയായിരുന്നു മോഷണം . സിദ്ദിഖ് കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചയാളുമാണ്. സുഹൈലിന്റെ പേരിൽ പാലക്കാട് ചിറ്റൂർ സ്റ്റേഷനിൽ ഒരു കേസുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തലശേരി എഎസ്പി എം.നന്ദഗോപൻ, ധർമടം എസ്എച്ച്ഒ കെ.അഗേഷ് എന്നിവരുടെ നിർദേശപ്രകാരം ധർമടം എസ്ഐ ജെ.ഷജീമിന്റെ നേതൃത്വത്തിൽ സിപിഒമാരായ ശ്രീലാൽ, ഹിരൺ, രതീഷ്, സായൂജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags : Two arrested nattuvishesham local news