പ്രതീകാത്മക ചിത്രം
പാലക്കാട്: മലന്പുഴ ഉദ്യാനത്തിൽ കുട്ടികളിൽ ഏറ്റവും കൗതുകമുണർത്തുന്ന റോപ് വേയുടെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം.
ഗ്ലാസ് കൊണ്ട് മറച്ച കാബിനുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം, ചൂടുകൂടുന്ന സമയത്ത് കാബിനിൽ താപനില വർധിച്ചാൽ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് കമ്മീഷനു ലഭിച്ച പരാതി പരിഗണിച്ചാണ് കമ്മീഷൻ ചെയർപേഴ്സണ് കെ.വി. മനോജ്കുമാർ നിർദേശം നൽകിയത്. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യാനത്തിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതായും അതോടെ ആധുനിക സംവിധാനങ്ങളോടുകൂടിയ റോപ് വേ സജ്ജമാവുമെന്നും സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി ചെയർപേഴ്സണ് പറഞ്ഞു.
സുബ്രതോ കപ്പ് മത്സരങ്ങൾ ചെളിക്കളത്തിലാണ് നടക്കുന്നതെന്ന പരാതി പരിഹരിച്ചു. നീന്തൽ പരിശീലനങ്ങളിൽ കൃത്യമായ സുരക്ഷാസംവിധാനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി. മഴക്കാലമായതിനാൽ മസ്തിഷ്കജ്വരം പോലുള്ള നിരവധി പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ കുളങ്ങളിലും മറ്റു ജലസ്രോതസുകളിലും പരിശീലനം അനുവദിക്കരുതെന്നും ചെയർപേഴ്സണ് പറഞ്ഞു. കുട്ടിയെ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതും പരിശോധിക്കേണ്ടതുമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു പരിഹരിക്കാനുള്ള നിർദേശ വിദ്യാഭ്യാസവകുപ്പിനും തദ്ദേശ സ്വയംഭരണവകുപ്പിനും നൽകിയതായും കമ്മീഷൻ അറിയിച്ചു. ചില അങ്കണവാടികളിലെ സുരക്ഷാവീഴ്ചകളും ശോച്യാവസ്ഥയും കമ്മീഷൻ ഗൗരവമായാണ് കാണുന്നത്. കുട്ടികൾക്ക് കൃത്യമായ ഭൗതിക സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത് അനിവാര്യമാണ്.
കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ജില്ലാ ഭരണസംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ പറഞ്ഞു. സിറ്റിംഗിൽ 41 പരാതികൾ തീർപ്പാക്കി. ആകെ 61 പരാതികളാണ് പരിഗണിച്ചത്. ഇരുപതു പരാതികൾ പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കാനും ഉത്തരവ് നൽകാനുമായി മാറ്റി.