പ്രതീകാത്മക ചിത്രം
തൃശൂർ: ഇക്കണ്ടവാര്യർ റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രികയായ ലിംസി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ്. പോലീസ് തെളിവുനശിപ്പിച്ചെന്ന് ആരോപിച്ചും അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒക്കെതിരെ നടപടി ആവശ്യപ്പെട്ടും നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ മേയ് 12നായിരുന്നു അപകടം. കോർപറേഷന്റെ അനാസ്ഥമൂലം റോഡിലുണ്ടായ വലിയ കുഴിയിൽ ചാടിയ സ്കൂട്ടർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിയുകയും ലിംസി എതിർദിശയിൽ വന്ന കാറിടിച്ച് മരിക്കുകയുമായിരുന്നു. അപകടത്തിന് കാരണമായ കുഴി മൂടി കോർപറേഷനും പോലീസും ചേർന്ന് സുപ്രധാന തെളിവ് നശിപ്പിച്ചെന്നാണ് പ്രധാന ആരോപണം.
ഫോറൻസിക് പരിശോധനയ്ക്കുള്ള കത്തിൽനിന്ന് കുഴിയെക്കുറിച്ചുള്ള വിവരങ്ങൾ ബോധപൂർവം ഒഴിവാക്കി. വാഹനാപകടം യാത്രക്കാരിയുടെ അശ്രദ്ധകൊണ്ടാണെന്ന് വരുത്തിതീർക്കാൻ എസ്എച്ച്ഒ ശ്രമിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുവെന്നും പൊതുമരാമത്ത് കോർപറേഷൻ ഉദ്യോഗസ്ഥരെയും കരാറുകാരെയും രക്ഷിക്കാൻ പോലീസ് ഒത്തുകളിച്ചെന്നും പരാതിയിൽ പറയുന്നു. മൂടിയ കുഴി തുറന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്നും അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. സംഭവത്തിൽ കമ്മീഷണർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Local News Nattuvishesham Scooter passenger accident death