കോഴഞ്ചേരി: നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രികൻ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു മരിച്ചു. പുന്നയ്ക്കാട് കുളത്തുങ്കല്‍ ബഥേലിൽ തോമസ് ഏബ്രഹാം (തോമസ്കുട്ടി-59) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.15ന് കോഴഞ്ചേരി ടൗണിലുള്ള കണ്ണാശുപത്രിയുടെ മുന്പില് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഇടതുഭാഗത്തെ ഡോര്‍ തുറക്കുന്നതിനിടെ പിന്നിലൂടെ വന്ന സ്കൂട്ടറിൽ ഇടിക്കുകയും യാത്രികനായിരുന്ന തോമസ് ഏബ്രഹാം റോഡിലേക്കു തെറിച്ചുവീഴുകയുമായിരുന്നു. ഈ സമയം പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന ബസിന്റെ അടിയിലേക്കാണ് ഇദ്ദേഹം വീണത്.
ബസിന്റെ പിൻചക്രം തലയുടെ ഒരു ഭാഗത്ത് കയറിയിറങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴഞ്ചേരിയിൽ ആധാരം എഴുത്തുകാരനായി പ്രവർത്തിക്കുകയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ: ഷൈനി തോമസ് (ഹെൽത്ത് ഇൻസ്പെക്ടർ, അയിരൂർ - കാഞ്ഞീറ്റുകര). മക്കൾ: ഡോ. ഷാരോൺ, അലീന അന്ന തോമസ് (കാരിത്താസ് ആശുപത്രി, കോട്ടയം).