സോമനാശാരി
നെയ്യാറ്റിന്‍കര : ബസിനുള്ളിൽ വിദ്യാർഥിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് നാലുവർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു.
തിരുവല്ലം പാച്ചല്ലൂർ സ്വദേശി സോമനാശാരി (55) ക്കാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം സുജ ശിക്ഷ വിധിച്ചത്.
2019 -ലായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിൻകരയിൽ നിന്നും കെഎസ്ആര്‍ടിസി ബസിൽ കയറിയ പ്രതി വിദ്യാര്ഥിയിരുന്ന സീറ്റിൽ വന്നിരുന്നു. ബസ് പള്ളിച്ചൽ എത്തിയപ്പോഴാണ് ശല്യം ചെയ്യാൻ തുടങ്ങിയത്.
കുട്ടി എതിർത്ത് ബഹളമുണ്ടാക്കിയപ്പോൾ ബസിൽ ഉണ്ടായിരുന്ന കുട്ടിയുടെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു വച്ചു.
പിന്നീട് നേമം പൊലിസിൽ വിവരമറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വ. വി.ആര് മായാദേവി എന്നിവർ ഹാജരായി. നേമം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എല്‍. തങ്കം ആണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയത്.