ചാരുംമൂട്: മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി മുത്താര രാജിന്റെയും കായംകുളം മണ്ഡലം സ്ഥാനാർഥി എം. ലിജുവിന്റെ യും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി നയിക്കുന്ന റോഡ് ഷോ ഇന്ന് നടക്കും.
രാവിലെ 7.30ന് മാവേലിക്കര മണ്ഡലത്തിലെ റോഡ് ഷോ ചുനക്കര തെരുവിൽമുക്കിൽനിന്നാരംഭിച്ച് ചൂനാട് സമാപിക്കും. കായംകുളം മണ്ഡലത്തിലെ റോഡ് ഷോ രാവിലെ പത്തിന് എരുവ ക്ഷേത്രത്തിന് സമീപത്തുനിന്നും ആരംഭിച്ച് പുല്ലുകുളങ്ങരയിൽ സമാപിക്കും.
ആറാട്ടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിനുനേരേ അക്രമം
ഹരിപ്പാട്: ആറാട്ടുപുഴ തറക്കടവ് ആശുപത്രി ജംഗ്ഷനിൽ മുന്നണി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുഡിഎഫ് പ്രചാരണ വാഹനത്തിനുനേരേ അക്രമം. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
വാഹനത്തിലുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും ഒരു സംഘം നശിപ്പിച്ചതായും ഇതു ചോദ്യം ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകൻ തങ്കമോനെ മർദിച്ചതായും പറയപ്പെടുന്നു. മർദനത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ തറക്കടവിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.