മീനങ്ങാടി: ഉത്പാദനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് തേനീച്ച കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സീസണ് സമയങ്ങളിൽ പോലും തേൻ വിളവെടുപ്പിൽ കടുത്ത പ്ര തിസന്ധിയാണ് തുടരുന്നത്. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം തേനീച്ചക്കൂടുകൾ നശിപ്പിക്കുന്ന ചെറുതേൻ വണ്ടുകളുടെ വ്യാപനവുമാണ് പ്രധാന വെല്ലുവിളിയെന്നാണ് തേനീച്ചകർഷകർ പറയുന്നത്.
കഴിഞ്ഞ വർഷം 20 കൂടിൽ നിന്ന് 200 കിലോ തേൻ കിട്ടിയ സ്ഥാനത്ത് ഇത്തവണ 50 കിലോ പോലും കിട്ടത്ത അവസ്ഥയാണ്. പൂർണ വളർച്ചയെത്തിയ ഒരു വണ്ട് പുതിയ ഇരതേടി 15 കിലോമീറ്റർ വരെ നിർത്താതെ പറക്കും. കൂട് തേടിപ്പോകുന്ന തേനീച്ചക്കൂട്ടങ്ങളെ ഇവ പിന്തുടരുകയും അവയോടൊപ്പം പുതിയ കൂടുകളിൽ കുടിയേറുകയും ചെയ്യും.
വണ്ടുകൾ കൂടിനുള്ളിൽ മുട്ടയിട്ട് പെരുകുന്നതോടെ അവയുടെ ലാർവകൾ തേനും പൂന്പൊടിയും തിന്നു നശിപ്പിക്കുകയും തേനിനെ പുളിപ്പിക്കുകയും ചെയ്യുന്നതോടെ തേനീച്ചകൾ കൂട്ടമായി കൂട് ഉപേക്ഷിച്ചു പോകും. കീടനിയന്ത്രണവും വണ്ടിന്റെ വ്യാപനത്തിൽ അസാധ്യമാകുകയാണ്. കർഷകർക്ക് അടിയന്തര സഹായം നൽകിയും വണ്ടിന്റെ വ്യാപനം തടയാൻ മാർഗങ്ങൾ കണ്ടെത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
Tags :