മണ്ണാർക്കാട്: സൈലന്റ് വാലിയിൽ ഈ വർഷത്തെ വരയാട് സർവേ പുരോഗമിക്കുന്നു. നാലുദിവസം നീണ്ടുനിന്ന നേരിട്ടുള്ള നിരീക്ഷണത്തിലൂടെ പ്രധാന വിവരശേഖരണം നടത്തിയതിനു ശേഷം രണ്ടാംഘട്ടമായി ഏപ്രിൽ 27 മുതൽ മേയ് 18 വരെ നീണ്ടുനിൽക്കുന്ന കാമറ ട്രാപ്പുകൾ ഉപയോഗിച്ചുള്ള ശാസ്ത്രീയ നിരീക്ഷണത്തിലേക്ക് കടന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആട്ട്മുടി, കത്തിരിച്ചുണ്ടൻ, മുക്കാലിമുടി, വണ്ണാൻപാറ, കൂമ്പൻ, മാതമുടി, പാത്രക്കടവ്, അങ്കിണ്ട, സിസ്പാറ എന്നിവ ഉൾപ്പെടുന്ന പത്ത് പ്രധാന ബ്ലോക്കുകളിലാണ് സർവേ നടക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 1200 മുതൽ 2695 മീറ്റർ വരെ ഉയരത്തിലുള്ള ചോല പുൽമേട് ആവാസവ്യവസ്ഥകളിലാണ് വരയാടുകൾ കൂടുതലായി കാണപ്പെടുന്നത്. ‘ബൗണ്ടഡ് കൗണ്ട്’ രീതിയും ലോക്കസ് മാപ്പ് ആപ്പിന്റെ സഹായത്തോടെ ഡിജിറ്റൽ ട്രാക്കിംഗും ഉപയോഗിച്ച് കണക്കെടുപ്പ് കൂടുതൽ കൃത്യമാക്കുന്നു.
നേരിട്ട് കാണാൻ പ്രയാസമുള്ള പാറക്കെട്ടുകളിലും ഉൾവനങ്ങളിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്താൻ കാമറ ട്രാപ്പുകൾ നിർണായകമാണ്. സഞ്ചാരപഥങ്ങളും കാഷ്ഠവും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ 1.5 മുതൽ 2 അടി ഉയരത്തിൽ കാമറകൾ സ്ഥാപിച്ചിരിക്കുന്നു.
വന്യജീവികളെ ബാധിക്കാതിരിക്കാൻ ഫ്ലാഷ് ഒഴിവാക്കി ചിത്രങ്ങളും വീഡിയോകളും ഒരേസമയം പകർത്തുന്ന രീതിയിലാണ് ക്രമീകരണം. 20 ദിവസത്തെ നിരീക്ഷണത്തിനുശേഷം ശേഖരിക്കുന്ന ദൃശ്യങ്ങൾ നേരിട്ടുള്ള കണക്കുകളുമായി സംയോജിപ്പിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുമെന്ന് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻ നായർ ദീപികയോട് പറഞ്ഞു. മുട്ടനാടുകൾ, കുഞ്ഞുങ്ങൾ, മറ്റ് വിഭാഗങ്ങൾ എന്നിവയായി തരംതിരിച്ചുള്ള വിവരങ്ങൾ പശ്ചിമഘട്ടത്തിലെ ഈ അപൂർവ ജീവിവർഗത്തിന്റെ ഭാവി സംരക്ഷണ പദ്ധതികൾക്ക് മാർഗദർശകമാകും.
സൈലന്റ് വാലിയിലെ പ്രവർത്തനങ്ങൾ വൈൽഡ് ലൈഫ് വാർഡൻ ജി. ഹരികൃഷ്ണൻ നായർ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു, ഭവാനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ. ഗണേശൻ, സൈലന്റ് വാലി വൈൽഡ് ലൈഫ് അസ്സിസ്റ്റന്റ് ബി. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്.