അടൂർ: പാചകവാതക ചോര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സിലിണ്ടര്‍ തീരുന്നതനുസരിച്ച് സ്വയം ബുക്കിംഗ് നടത്താനും കഴിയുന്ന പുതിയ സാങ്കേതികവിദ്യയുമായി അടൂര്‍ എസ്എന്‍ ഐടി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികൾ. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളായ കിരണ്‍ ബാബു, ഷിജോ ബിനോയ്, വാലന്റീന, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് സ്മാര്‍ട്ട് എല്‍പിജി സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തത്.
ഗ്യാസ് ചോര്‍ച്ചയോ തീപിടിത്തമോ ഉണ്ടായാല്‍ ഉപകരണം അത് ഉടന്‍ തിരിച്ചറിയുകയും ഗ്യാസ് വിതരണം സ്വയം നിര്‍ത്തുകയും ചെയ്യും. ഇതോടൊപ്പം ഉടമയുടെ മൊബൈലിലേക്ക് അപായ സന്ദേശവും എത്തും. സിലിണ്ടറിലെ ഗ്യാസ് തീരാറാകുമ്പോള്‍ വിവരം ഉടമയെ അറിയിക്കുന്നതിനൊപ്പം സ്വയം ബുക്കിംഗ് നടത്താനുള്ള സൗകര്യവും ഇതിലുണ്ട്.
പ്രഫ. ലക്ഷ്മി ചന്ദ്ര , പ്രോജക്റ്റ് കോഓർഡിനേറ്റര്‍ സുജ പൗലോസ് എന്നിവരുടെ മാര്‍ഗനിര്‍ദേശത്തിലാണ് വിദ്യാര്‍ഥികള്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കിയത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ വീടുകളിലും ഹോട്ടലുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന സുരക്ഷാ ഉപകരണമാണിത്.
Tags : nattu vishesham Smart system gas leakage