തൊടുപുഴ: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 539 കുട്ടികള്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കി. 99.28 ശതമാനമാണ് ഇത്തവണത്തെ വിജയം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 5,486 ആണ്‍കുട്ടികളും 5,151 പെണ്കുട്ടികളുമടക്കം 10,637 കുട്ടികളാണ് പരീക്ഷയെഴുതിയത്.
ഇതില്‍ 5,442 ആണ്‍കുട്ടികളും 5,118 പെണ്‍കുട്ടികളും ഉള്‍പ്പെടെ 10,560 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 77 കുട്ടികള്‍ പരാജയപ്പെട്ടു. 46 കുട്ടികള്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷം പരാജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച വിജയശതമാനത്തില്‍ നേരിയ കുറവുണ്ടായപ്പോള്‍ ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണം നേര് പകുതിയില്‍ താഴെയായി.
കഴിഞ്ഞ വര്‍ഷം 99.59 ശതമാനം വിജയവും 1,272 കുട്ടികള്‍ ഫുള്‍ എപ്ലസും നേടിയിരുന്നു. ഇത്തവണ ഫുള്‍ എപ്ലസ് നേടിയത് 176 ആണ്‍കുട്ടികളും 363 പെണ്‍കുട്ടികളുമാണ്. ഇതില്‍ തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 88 ആണ്‍കുട്ടികളും 180 പെണ്‍കുട്ടികളും ഉള്‍പ്പെടെ 268 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 88 ആണ്‍കുട്ടികളും 183 പെണ്‍കുട്ടികളും ഉള്‍പ്പെടെ 271 പേരുമാണുള്ളത്.
തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29-ഉം കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 99.27 ശതമാനവുമാണ് വിജയം. 67 സര്‍ക്കാര്‍ സ്കൂളുകളും 62 എയ്ഡഡും ഏഴ് അണ്‍എയ്ഡഡ് സ്കൂളുകളിലുമായാണ് 10,637 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. എയ്ഡഡ് വിഭാഗത്തില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. ഇവിടെ 345 പേരാണ് ഉണ്ടായിരുന്നത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മേരികുളം സെന്റ് മേരീസ് എച്ച്എസ്എസില്‍ 277 പേരും പരീക്ഷയെഴുതി. അതേ സമയം മുക്കുളം എസ്ജിഎച്ച്എസില് മൂന്നുപേരാണ് പരീക്ഷയെഴുതിയത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവുമധികം പേര് പരീക്ഷയെഴുതിയത് കല്ലാര്‍ ജിഎച്ച്എസ്എസിലാണ്. 256 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. ആറുപര്‍ പരീക്ഷയെഴുതിയ എഴുകുംവയല്‍ ഗവ. ഹൈസ്കൂളിലായിരുന്നു കുറവ്.
Tags : SSLC nattuvishesham local news