പുലിയന്നൂർ സ്കൂളിനുമുന്‍പിൽ ഡോ.പി.വി. ഔസേഫ് ഏകാംഗ ഉപവാസസമരം നടത്തിയപ്പോൾ.
തൃശൂർ: പുലിയന്നൂരിലെ സെന്റ് തോമസ് യുപി സ്കൂളിന്റെ ശതാബ്ദിയാഘോഷവേളയില്‍ സ്കൂളിന്റെ പേരില്‍നിന്ന് സെന്റ് തോമസ് എന്നതു വെട്ടിക്കളഞ്ഞ് ഗവ. യുപി സ്കൂള്‍ പുലിയന്നൂര്‍ എന്നാക്കി മാറ്റിയ സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധം ശക്തം. വേലൂര്‍ ഇടവകയിലെ വിശ്വാസികളിൽനിന്ന് സംഭാവന പിരിച്ച് 100 വര്‍ഷംമുമ്പ് അര്‍ണോസ് പാതിരി സ്ഥാപിച്ചതാണ് ഈ സ്കൂൾ.
സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും കാലടി സര്‍വകലാശാല മുന്‍ ഡീനും വാസ്തുവിഭാഗം തലവനുമായിരുന്ന ഡോ.പി.വി. ഔസേഫ് സ്കൂള്‍പടിക്കല്‍ കിടന്നുകൊണ്ട് ഏകാംഗ ഉപവാസസമരം നടത്തി. പി.ഐ. ലാസര്‍മാസ്റ്റർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് എന്നതു വെട്ടിക്കളയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതായി ഡോ. ഔസേഫ് പരാതിപ്പെട്ടു. കെഎസ്ടിഎ എന്ന അധ്യാപകസംഘടന രൂപീകരിച്ച് അവരുടെ സ്വാധീനമുപയോഗിച്ച് സെന്റ് തോമസ് എന്ന പേര് നീക്കംചെയ്യാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കുകയാണ് ഇവര്‍ ചെയ്തതെന്നും ഇഎംഎസും അച്യുതമേനോനും പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ നാമം അഭിമാനപൂര്‍വമാണ് അവര്‍ എക്കാലവും ഓര്മിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധയോഗത്തിൽ പി.പി. യേശുദാസ് അധ്യക്ഷത വഹിച്ചു. പ്രസാദ് പുലിക്കോട്ടില്‍, ജോസ് ചെമ്പകശേരി, ജോണ്‍ കള്ളിയത്ത്, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.