കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷൈജുവും അറസ്റ്റിലായ സുനിൽകുമാർ, അഭി എന്നിവരും.
പേരൂര്‍ക്കട: കഞ്ചാവ് വലിച്ചതു ചോദ്യം ചെയ്തയാളെ സംഘം ചേര്‍ന്നു കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ ഫോര്‍ട്ട് സിഐ ആര്.എസ്. ശ്രീകാന്തും സംഘവും പിടികൂടി. കുര്യാത്തി വടക്കേക്കോട്ട കോളനി സ്വദേശിയായ ഷൈജു (52) വാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അയല്‍വാസികളായ അഭി (23), സുനില്‍കുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലി സ് പറയുന്നത്: കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചശേഷമാണ് അഭിയും സുനില്‍കുമാറും കഞ്ചാവ് വലിച്ചത്. ഇതുകണ്ട ഷൈജു ഇക്കാര്യം ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതികളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് ഷൈജുവിനെ രണ്ടുപേരും ചേര്‍ന്നു കത്തികൊണ്ട് ആക്രമിച്ചത്. ഇതിനിടെ അഭി കൈവശമുണ്ടായിരുന്ന കത്തി ഷൈജുവിന്റെ നെഞ്ചില്‍ കുത്തിയിറക്കി. സുനില്‍കുമാര്‍ ഇരുമ്പുവടി ഉപയോഗിച്ച് ഷൈജുവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.
ഗുരുതര പരിക്കേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് തുന്നലിടേണ്ടിവന്നു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ ശക്തമായ നടപടികള്‍ പൊ ലിസ് തുടരുന്നതിനിടെയാണ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെതിരേ ആക്രമണം നടന്നത്.
ഷൈജു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീടിനു സമീപത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങളും പൊ ലിസ് കണ്ടെത്തി. എസ്ഐ ജഗമോഹന്‍, സിപിഒമാരായ ഫിറോസ്, ലിബിന് രാജ് എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.