പ്രതീകാത്മക ചിത്രം
മാനന്തവാടി: രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലക്കയറ്റം കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി. കൃഷികളില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കും തുരിശിനും വില ഇരട്ടിയോളമാണ് വര്‍ധിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്ത സാഹചര്യത്തിലാണ് രാസവളങ്ങളുടെ വിലക്കയറ്റം. നഷ്ടക്കണക്ക് മാത്രം പറയാനുള്ള കര്‍ഷകന്റെ നടുവൊടിക്കുന്ന രീതിയിലാണ് രാസവളങ്ങളുടെ വില കുതിച്ചുയരുന്നത്.
പശ്ചിമേഷ്യയിലേതടക്കം സംഘര്‍ഷങ്ങളും കേന്ദ്രസര്‍ക്കാര്‍ രാസവളക്കമ്പനികള്ക്ക് നല്‍കിയിരുന്ന സബ്സിഡി കുറച്ചതുമാണ് വിലക്കയറ്റത്തിന് കാരണം. കടത്തുകൂലി കമ്പനികള്‍ നല്‍കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ 1,425 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് ഇപ്പോള്‍ 2,350 രൂപയാണ് വില. 1,500 രൂപയുണ്ടായിരുന്ന പൊട്ടാഷിന് 2,300 രൂപയായി. കുമിള്‍നാശിനിയായ തുരിശിന്റെ വില 210 രൂപയില്‍നിന്ന് 540 രൂപയായി കൂടി.
സബ്സിഡിയുള്ളതിനാല്‍ യൂറിയയ്ക്ക് മാത്രമാണ് വില വര്‍ധിക്കാത്തത്. ഉത്പാദനച്ചെലവ് ഇരട്ടിയാകുന്നത് കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന അവസ്ഥയിലാണ് എത്തിക്കുന്നത്. അടിയന്തരമായി സബ്സിഡി പുനഃസ്ഥാപിച്ച് വില നിയന്ത്രിച്ചില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രാസവളങ്ങളുടെ വിലക്കയറ്റത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.