ബീനാച്ചി ഗവ. ഹൈസ്കൂള്‍ പ്രതിനിധികള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ഏറ്റുവാങ്ങുന്നു.
സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി ഗവ.ഹൈസ്കൂളിന് ജില്ലാതല ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും അക്കാദമിക മികവുമാണ് വിദ്യാലയത്തെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കല്‍പ്പറ്റ ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് സ്കൂള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു.
പിടിഎ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍, ഹെഡ്മാസ്റ്റര് കെ. ദിനേശന്, സ്റ്റാഫ് സെക്രട്ടറി സാലിഹ്, ദിവ്യ ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സല്‍മ മോയിന്‍ അധ്യക്ഷത വഹിച്ചു. ഡിഡിഇ വി.എ. ശശീന്ദ്ര വ്യാസ്, വൈത്തിരി എഇഒ കെ.ടി. അഷ്റഫ്, കെ. നിസാര്‍, പി. അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികളുടെ വ്യക്തിഗത കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് സ്കൂള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് നടത്തിയ പ്രവര്‍ത്തനങ്ങള്‍, ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച പ്രത്യേക പരിപാടികള്‍, അക്കാഡമിക നിലവാരം ഉയര്‍ത്തുന്നതിന് നടത്തിയ പ്രത്യേക ക്ലാസുകള്‍, പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍, കലാകായിക-സര്‍ഗാത്മക മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയ അവസരങ്ങള്‍ എന്നിവ പുരസ്കാര നിര്‍ണയത്തില്‍ പരിഗണിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Shreshta Vidyalaya