എൻജിഒഎ അവകാശ സംരക്ഷണ സദസ് കൽപ്പറ്റയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. രാകേഷ് കമൽ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: വി.ഡി. സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ വയനാട്. ജില്ല അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധി, വന്യമൃഗശല്യം, ഗതാഗത, വിദ്യാഭ്യാസ മേഖലകളിലെ അപര്യാപ്തത ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും പദ്ധതികളും ബജറ്റിൽ ഉണ്ടാകുമെന്ന് കരുതുന്നവർ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ നിരവധി.
ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് കൽപ്പറ്റ, ബത്തേരി, മാനന്തവാടി എംഎൽഎമാർ ശിപാർശകൾ ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് വെവ്വേറെ നൽകിയിട്ടുണ്ട്. ഇതിൽ അടിയന്തര പ്രാധാന്യമുള്ളവ ബജറ്റിൽ ഇടം പിടിക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ.
കൃഷി മന്ത്രിയുമായ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖിന്റ ശിപാർശകളിൽ കാർഷിക മേഖലയുടെ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യം. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡിന്റെ വിശദമായ ഡിപിആർ തയാറാക്കൽ, ചിപ്പിലിത്തോട്-മരുതിലാവ് ചുരം ബൈപാസ്, ടൂറിസം കേന്ദ്രങ്ങിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തൽ, പുഞ്ചിരിമട്ടം ഉരുൾ ദുരന്തം പരോക്ഷമായി ബാധിച്ചവർക്ക് സഹായം തുടങ്ങിയവയും ശിപാർശകളിലുണ്ട്.
ബൈരക്കുപ്പ പാലം, ബത്തേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഐ.സി. ബാലകൃഷ്ണ്‍ എംഎൽഎയുടെ ശിപാർശകളിൽ പ്രാധാന്യമെന്നാണ് വിവരം.
വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി പ്രഖ്യാപനം, ഗവ. മെഡിക്കൽ കോളജിലെയും ഗവ. എൻജിനിയറിംഗ് കോളജിലെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ മാനന്തവാടി എംഎൽഎ ഉഷ വിജയന്റെ ശിപാർശകളിലുണ്ട്. വന്യമൃഗശല്യ ലഘൂകരണത്തിനു പദ്ധതികൾ മൂന്ന് നിയോജകമണ്ഡലം പ്രതിനിധികളും ബജറ്റിൽ ഉൾപ്പെടുന്നതിന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ബജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ
കൽപ്പറ്റ: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജീവനക്കാർക്കും അധ്യാപകർക്കും വലിയ പ്രതീക്ഷയെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. രാകേഷ് കമൽ. അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ഗ്ലോറിൻ സെക്വീര, ആർ. രാംപ്രമോദ്, എൻ.വി. അഗസ്റ്റ്യൻ, പി.എച്ച്. അഷറഫ് ഖാൻ, പി.ടി. സന്തോഷ്, ജി. പ്രവീണ്‍കുമാർ, കെ. നാരായണൻ, പി.വി. പുഷ്പവല്ലി,
രഞ്ജുനാഥ്, പി.എസ്. ഷാജി എന്നിവർ പ്രസംഗിച്ചു. ടി. പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, പി.ജെ. ഷിജു, ജയിംസ് കുര്യൻ, എം.വി. സതീഷ്, പി. അബ്ദുൾ ഗഫൂർ, വിപിൻരാജ് എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Wayanad