നിലമ്പൂർ: നിലമ്പൂരിൽ ഗതാഗതകുരുക്ക് ഒഴിവാക്കാൻ നടപടിയായി. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥിന്റെ അധ്യക്ഷതയിൽ ടിബിയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാനവേദൻ സ്കൂൾ റോഡിൽ രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും സ്വകാര്യബസുകൾ സഞ്ചരിക്കുന്നത് കർശനമായി തടയും. താഴെ ചന്തക്കുന്നിൽ ട്രാഫിക് സിഗ്നൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് എംഎൽഎയുമായി ചർച്ച നടത്തി തീരുമാനമെടുക്കും.
നിലമ്പൂർ ആശുപത്രിയിലേക്ക് വരുന്നവർക്ക് വാഹനം നിർത്തിയിടാൻ സ്ഥലം ഒരുക്കാൻ നഗരസഭ ശ്രമം നടത്തും. ജില്ലാ ആശുപത്രിക്ക് സമീപത്തെ വഴിയോര കച്ചവട ബങ്കുകൾ ഉപയോഗശൂന്യമായത് ഒഴിവാക്കും. കനോലി പ്ലോട്ടിന് സമീപമുള്ള ഉപയോഗശൂന്യമായ ബങ്കുകളും ഒഴിവാക്കും. വഴിയോര കച്ചവടം നിശ്ചിത സ്ഥലത്ത് നിർണയപ്പെടുത്തും. കെഎൻജി റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ സീബ്രാലൈനും ഓട്ടോറിക്ഷകൾക്കുമുള്ള പാർക്കിംഗ് ട്രാക്കും അടയാളപ്പെടുത്തും.
നിലന്പൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസിക്ക് അനുവദിച്ച ട്രാക്കിൽ മാത്രം കെഎസ്ആർടിസി ബസുകൾ നിർത്തണം. മറ്റു ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കും. ബസ് സ്റ്റാൻഡിലേക്കും തിരിച്ചും സ്വകാര്യബസുകൾ മിൽമ റോഡിലൂടെ പോകുന്നത് ഒഴിവാക്കും.
റോഡിൽ തിരക്കേറിയ ഭാഗങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താൻ നഗരസഭ ശ്രമം നടത്തുമെന്നും അധ്യക്ഷ പദ്മിനി ഗോപിനാഥ് പറഞ്ഞു. യോഗത്തിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ കളത്തുംപടിക്കൽ, നിലന്പൂർ സ്റ്റേഷൻ എസ്ഐ തോമസ്കുട്ടി ജോസഫ്, എഎംവിഐ ഈസ്റ്റർ യാഷിക, നിലന്പൂർ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എഇസി അനീഷ്, ഡെപ്യൂട്ടി തഹസിൽദാർ പ്രമോദ്, കെഎസ്ആർടിസി നിലന്പൂർ ഡിപ്പോ ജിസിഐ പി. ഷാജി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Tags : Local News Nattuvishesham Malappuram