കാളമുറി - ചളിങ്ങാട് റോഡ് കാന നിർമാണത്തിന്റെ പേരു പറഞ്ഞ് അധികൃതർ അടച്ചുകെട്ടിയ നിലയിൽ.
കൊപ്രക്കളം: ശക്തമായ പ്രതിഷേധം; കാളമുറിയിൽ ദേശീയ പാത കരാർ കമ്പനി അടച്ചു കെട്ടിയ റോഡ് തുറന്നു. കയ്പമംഗലം പഞ്ചായത്തിലെ കാളമുറി - ചളിങ്ങാട് റോഡ് കാന നിർമാണത്തിന്റെ പേരു പറഞ്ഞാണ് അധികൃതർ തിങ്കളാഴ്ച പൂർണമായും ബ്ലോക്ക് ചെയ്തത്.
ദേശീയ പാതയിൽ നിന്നും കിഴക്കൻ മേഖലയിലേക്കുള്ള സുപ്രധാന റോഡായതുകൊണ്ടുതന്നെ കരാർ കമ്പനിയുടെ ഈ നടപടി പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്കും യാത്രക്കാർക്കും ദുരിതമായി. റോഡ് ബ്ലോക്ക് ചെയ്യാതെ തന്നെ നിർമാണപ്രവർത്തനങ്ങൾ നടത്താമെന്നിരിക്കെയാണ് അധികൃതർ ഈ ജനദ്രോഹ നടപടി സ്വീകരിച്ചത്.
കാളമുറിയിലെ വ്യാപാരി വ്യവസായി നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ശക്തമായി പ്രതിഷേധം ഉയർത്തിയതോടെ കഴിഞ്ഞ ദിവസം അടച്ചു കെട്ടിയ ഭാഗം ഭാഗികമായി തുറക്കുകയായിരുന്നു.
വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ഉല്ലാസ് വലിയപറമ്പിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ രശ്മി ശ്രീജിത്ത്, മുൻ പഞ്ചായത്ത് മെമ്പർ സി.ജെ. പോൾസൺ, കല്ലയിൽ സജീവൻ, പി .കെ.സവാദ്, മുൻ പഞ്ചായത്ത് മെമ്പർ പി.എ. ഷാജഹാൻ തുടങ്ങിയവർ ഈ വിഷയവുമായി ബന്ധപ്പെട്ട് സജീവമായി രംഗത്ത് ഉണ്ടായിരുന്നു.