പൊൻകുന്നം എസ്ഡി യുപി സ്കൂളിൽ വിദ്യാർഥികൾ വോട്ട് ചെയ്യാനായി നിൽക്കുന്നു.
പൊൻകുന്നം: എസ്ഡി യുപി സ്കൂളിലെ കുട്ടികൾ അഞ്ചാംവർഷവും വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തി സ്കൂൾ ലീഡറെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വിദ്യാർഥികളെ സഹകരിപ്പിച്ച് അധ്യാപകർ തയാറാക്കിയ യന്ത്രത്തിലായിരുന്നു വോട്ടെടുപ്പ്. 180 വിദ്യാർഥികൾ വോട്ട് ചെയ്തു. സ്കൂൾ ലീഡറായി കെ.എസ്. ആദിദേവ് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാരംഗം കൺവീനറായി പ്രണവ് വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സിയാമോൾ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ഡോൺ സോജൻ, കലാ-പൊതുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി അക്ഷര സിജു എന്നിവരെ തെരഞ്ഞെടുത്തു.
കുട്ടികൾ തന്നെ പോളിംഗ് ബൂത്ത്, വോട്ടെണ്ണൽ കേന്ദ്രം എന്നിവ തയാറാക്കി. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമുണ്ടായിരുന്നു. പ്രഥമാധ്യാപിക സുമ പി. നായരുടെ നേതൃത്വത്തിൽ അധ്യാപകർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു