സ്കൂൾ അധികാരത്തിന്റെ പ്രതീകാത്മക താക്കോൽ ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ സ്റ്റുഡന്റ്സ് ഡേ ആഘോഷിച്ചു. വിദ്യാർഥികൾ അധ്യാപകരുടെയും സ്കൂൾ ഭരണാധികാരികളുടെയും ചുമതലകൾ ഏറ്റെടുത്തു പ്രവർത്തിച്ചതു വേറിട്ട അനുഭവമായി.
ഹൈസ്കൂൾ വിഭാഗം മേധാവി ഷൈനി ആന്റണി ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സ്റ്റുഡന്റ് ഭരണസമിതി ഭാരവാഹികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. സ്കൂൾ അധികാരത്തിന്റെ പ്രതീകാത്മക താക്കോൽ പ്രിൻസിപ്പലിൽനിന്ന് സ്റ്റുഡന്റ് പ്രിൻസിപ്പൽ ഷിലോഹ് ആന്റണി ജോൺ ഏറ്റുവാങ്ങി. തുടർന്ന് പതാക ഉയർത്തി. സ്റ്റുഡന്റ് വൈസ് പ്രിൻസിപ്പൽ അദ്വൈത് നിശാന്ത് നമ്പ്യാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽനിന്ന് ഇഷാൻ ആർ. നായർ അക്കാദമിക് കോ-ഓർഡിനേറ്ററായും തനുക്കുള ഐസക് അബിഷ്വ എൽപി ഹെഡായും ദക്ഷ രാജേഷ് നായർ യുപി ഹെഡായും അദ്വിക കൃഷ്ണൻ എച്ച്എസ് ഹെഡായും ദേവ ഇവാനിയ ഇഫ്രാഷ് എച്ച്എസ്എസ് ഹെഡായും ചുമതലയേറ്റു. 12 വിഷയങ്ങളിലായി പത്തും പന്ത്രണ്ടും ക്ലാസുകളിൽ നിന്നുള്ള 93 വിദ്യാർഥികൾ അധ്യാപകരായി ക്ലാസുകളെടുത്തു. ആർട്സ് വിഭാഗത്തിൽ മാസ്റ്റർ എസ്. അഭിനവും സയൻസ് വിഭാഗത്തിൽ കുമാരി സയൂരി കാർത്തിക്കും മികച്ച സ്റ്റുഡന്റ് അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ സ്റ്റുഡന്റ് അക്കാദമിക് കോ-ഓർഡിനേറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സ്റ്റുഡന്റ് പ്രിൻസിപ്പൽ ഷിലോഹ് ആന്റിണി ജോൺ സ്കൂളിന്റെ പ്രതീകാത്മക താക്കോൽ പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐയ്ക്കു തിരികെ നൽകി. മികച്ച സ്റ്റുഡന്റ് അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും പ്രിൻസിപ്പൽ വിതരണം ചെയ്തു.
സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ ജേക്കബ് കോശി ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ ഹയർ സെക്കൻഡറി വിഭാഗം മേധാവി സി. രേഖ സ്വാഗതവും പ്രോഗ്രാം കൺവീനർ എസ്. ആഷ്ലി വസന്ത് നന്ദിയും പറഞ്ഞു.