ചെറുതോണി: കൊടുംചൂടിന് ആശ്വാസം പകർന്നെത്തിയ വേനൽമഴ ഹൈറേഞ്ചിലെ കാർഷിക മേഖലയ്ക്ക് ആശ്വാസമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുതലായിരുന്ന വേനൽക്കാലത്ത് നാണ്യവിളകളും തന്നാണ്ടുവിളകളും പച്ചക്കറിയുമെല്ലാം വാടിത്തളർന്നു തുടങ്ങിയിരുന്നു. ഏലം കർഷകരാണ് ഏറെ ദുരിതത്തിലായിരുന്നത്. പലരും കൃഷി നനയ്ക്കാൻ വെള്ളമില്ലാതെ വലഞ്ഞു. ഏത്തവാഴകൾ വെള്ളമില്ലാതെ ഒടിഞ്ഞുവീണു.
കാർഷിക മേഖല തകർച്ചയുടെ മൂർധന്യാവസ്ഥയിലെത്തിയപ്പോഴാണ് ആശ്വാസമായി വേനൽമഴയെത്തിയത്. കാപ്പികൾ പൂവിട്ടും കുരുമുളക് ചെടികളിൽ പുതുനാമ്പുകൾക്കൊപ്പം തിരിയിട്ടതുമെല്ലാം കർഷകരിൽ പ്രതീക്ഷ നിറച്ചിരിക്കുകയാണ്. പച്ചക്കറി കൃഷിക്കും വേനൽമഴ ഗുണമായി. വേനലിൽ തളിരുകൾ കരിഞ്ഞും ചുരുങ്ങിയും പച്ചക്കറികൃഷികൾ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് വേനൽമഴ തടഞ്ഞു. ഹൈറേഞ്ചിൽ ഏലം കർഷകരാണ് വേനൽമഴയിൽ ഏറ്റവുമധികം സന്തോഷിക്കുന്നത്. ഏലംകൃഷി വ്യാപകമായിട്ടുള്ള മേഖലകളിൽ ഒട്ടുമിക്ക ദിവസവും മഴ ലഭിക്കുന്നുണ്ട്. കാര്യമായ മഴ ലഭിക്കാത്ത പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്.
Tags : Summer rains nattuvishesham local news