സൂര്യ കൃഷ്ണമൂർത്തി
തിരുവനന്തപുരം: "ഗോപാലകൃഷ്ണപിള്ള ഇനി കുറച്ചുകൂടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം'... കിംസ് ആശുപത്രി കിടക്കയിൽ മരണത്തോട് പൊരുതിനിന്ന അവസാന നാളുകളിൽ സൂര്യ കൃഷ്ണമൂർത്തി, സൂര്യയുടെ പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ളയോട് പറഞ്ഞു. "സൂര്യയുടെ പ്രവർത്തനങ്ങൾ ഇതുപോലെ എന്നും മുന്നോട്ടു കൊണ്ടുപോകണം. മുടങ്ങി പോകരുതെന്നും ഗോപാലകൃഷ് ണ പിള്ളയോടും സൂര്യയുടെ ഭാരവാഹികളായ പ്രദീപ് തലയൽ, റഫീഖ് യൂനസ്, ഹൈലേഷ് എന്നിവരോടും അദ്ദേഹം പറഞ്ഞു.... പ്രാണൻ വേർപെട്ടുപോകുന്ന നിമിഷങ്ങളിലും സൂര്യയ്ക്ക് വേണ്ടിയാണ് കൃഷ്ണമൂർത്തിയുടെ ഹൃദയം തുടിച്ചിരുന്നത്..!
49 -ാമത് സൂര്യ ഫെസ്റ്റിവലിന് ഇന്നു വൈകുന്നേരം 6.45 ന് തൈക്കാട് ഗണേശത്തിൽ തുടക്കമാകും. സൂര്യയുടെ ആത്മാവായ നടരാജ കൃഷ് ണമൂർത്തി ഇല്ലാത്ത, അല്ല സൂര്യ കൃഷ്ണമൂർത്തി ഇല്ലാത്ത ആദ്യ സൂര്യോത്സവം. യാത്ര പറയാതെ പിരിഞ്ഞുപോയ കൃഷ്ണമൂർത്തി ഏൽപ്പിച്ചു പോയത് വലിയൊരു ദൗത്യമാണെന്ന് സൂര്യയുടെ പ്രസിഡന്റ് ജി. ഗോപാല കൃഷ്ണപിള്ള പറയുന്നു.. "ഈ വർഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ എല്ലാ തയാറെടുപ്പുകളും പൂർണമാക്കിയ ശേഷമാണ് കൃഷ്ണമൂർത്തി പോയത്. 2027 ലെ സൂര്യയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ആശയവും ഞങ്ങളുമായി അദ്ദേഹം പങ്കുവെച്ചിരുന്നു. പത്മാസുബ്രഹ്മണ്യം ഉൾപ്പെടെയുള്ള ഇതിഹാസങ്ങൾക്ക് കനകക്കുന്ന് കൊട്ടാരവേദിയിൽവച്ച് ആദരവ് നൽകണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അമ്പതാമത് സൂര്യ ഫെസ്റ്റിവലിന്റെ നടത്തിപ്പിനുവേണ്ടിവരുന്ന സാമ്പത്തിക ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും കൃഷ്ണമൂർത്തി തീരുമാനമുണ്ടാക്കിയിരുന്നു.
സൂര്യ മേളയെ സംബന്ധിച്ച് ചില നിഷ്കർഷകൾ ഉണ്ടായിരുന്നു കൃഷ്ണമൂർത്തിക്ക്. കർശനം എന്നു വേണമെങ്കിൽ പറയാവുന്ന ചില നിയന്ത്രണങ്ങൾ.വൈകുന്നേരം കൃത്യ സമയത്ത് തന്നെ കലാ -സാംസ്കാരിക പരിപാടികൾ ആരംഭിക്കണം. വൈകുന്നേ രം 6.45 ന് തുടങ്ങുന്ന സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ ദിവസങ്ങളിൽ ആറര ആവുമ്പോൾ തൈക്കാട് ഗണേശത്തിന്റെ ഗേറ്റ് പൂട്ടിയിരിക്കും. വൈകി എത്തുന്ന അംഗങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കലാപരിപാടികൾ കഴിഞ്ഞാൽ മാത്രമേ സദസ്യർക്ക് പുറത്തു പോകാൻ സാധിക്കൂ. അരങ്ങിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന കലാകാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ ഇരിക്കാനുള്ള മുൻകരുതലുകൾ ആയിരുന്നു ഇവ. ഇക്കാര്യങ്ങൾ എന്നും വേദിയിൽ അനൗൺസ് ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. തന്റെ മരണം നടന്നാൽ പോലും സൂര്യയുടെ കീഴ്വഴക്കങ്ങൾക്കു മാറ്റം വരാൻ പാടില്ലെന്ന ദൃഢമായ തീരുമാനവും കൃഷ്ണമൂർത്തിക്കുണ്ടായിരുന്നുവെന്നു വേണം കരുതാൻ. അതുകൊണ്ടാണ് മരണമെത്തും മുൻപേ സൂര്യ ഭാരവാഹികളോട് അദ്ദേഹം പറഞ്ഞത്, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മേളയുടെ വേദിയിൽ അനുശോചനം നടത്തുകയോ ഫോട്ടോ വയ്ക്കുകയോ ചെയ്യരുത് എന്ന്.
49 -ാ മത് സൂര്യ മേളയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സെപ്റ്റംബർ 23 ന് കൃഷ്ണമൂർത്തി വിടവാങ്ങിയത്. 111 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ സൂര്യ ഫെസ്റ്റിവലിന് ഇന്ന് വൈകുന്നേരം തുടക്കം കുറിക്കുന്നത് യുവ സംഗീതജ്ഞൻ കെ. എസ്. ഹരിശങ്കറിന്റെ കർണാടക സംഗീത കച്ചേരിയോടെയാണ്. ഉദ്ഘാടന സന്ധ്യയിൽ പതിവുപോലെ ഗായകൻ കല്ലറ ഗോപൻ പാടിയ സൂര്യസ്തുതി മുഴങ്ങും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന സൂര്യ കൃഷ് ണമൂർത്തിയുടെ അനൗൺസ്മെന്റ് അദ്ദേഹത്തിന്റെ റിക്കാർഡ് ചെയ്ത ശബ്ദത്തിൽ നിന്നുതന്നെ കേൾക്കാം. സദസ്യർക്കിടയിൽ, ഒരു കോണിലെ കസേരയിലിരുന്ന് തന്റെ സ്വപ്ന വേദിയിലെ നൃത്ത-രാഗലയങ്ങൾ കാണാൻ പക്ഷേ കൃഷ്ണമൂർത്തി ഉണ്ടാവില്ല. എങ്കിലും കലയുടെ ഈ സൂര്യ വെളിച്ചം അദൃശ്യമായി ഗണേശത്തിൽ ഉണ്ടാവുമെന്ന് സൂര്യക്കൊപ്പം സഞ്ചരിക്കുന്നവർ വിശ്വസിക്കുന്നു...
Tags : Nattuvishesham DistrictNews DeepikaNews