കരിമ്പൻ: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പിലാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും സാമുദായിക വിരുദ്ധമെന്ന് എസ്എംവൈഎം സംസ്ഥാന സമിതി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. ക്രൈസ്തവരുടെ സമുദായ ഉന്നമനത്തിനു വേണ്ടി എന്നു പറയുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പുറത്തുവിടാതെയുള്ള ചർച്ച വിവരാവകാശനിഷേധമാണെന്നും എസ്എംവൈഎം സംസ്ഥാന സമിതി ആരോപിച്ചു.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തെ മണ്ടന്മാരാക്കുന്ന മട്ടിലാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യഭ്യാസ - സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. എന്നാൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു, ബാക്കി ഉടനെ ശരിയാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞെന്നു പറയുന്നത് വഞ്ചനയാണ്.
സർക്കാർ ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം. ഈ സമുദായം അവർക്കു ലഭിച്ച ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും അവയെക്കുറിച്ചു പഠിക്കാനുമുള്ള അവസരം ലഭ്യമാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. സംസ്ഥാന ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ.സാം സണ്ണി, അഡ്വ. പ്രീതിക്ഷ രാജ് എന്നിവർ പ്രസംഗിച്ചു.