പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: ട്രെയിന്യാത്രികന്റെ പണവും രേഖകളും അടങ്ങിയ ബാഗും സ്മാര്‍ട്ട് ഫോണുകളും കവര്‍ന്ന തമിഴ്നാട് സ്വദേശിയെ തിരുവനന്തപുരം റെയില്‍വേ പൊലിസ് പിടികൂടി. പെരമ്പലൂര്‍ ജില്ലയില്‍ ബ്രഹ്മദേശം വി.ആര്.എസ്.എസ്. പുരം കിഴക്കേത്തെരുവിലെ മനോജ്കുമാര്‍ സെല്‍വരാജ് (24) ആണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെയായി രുന്നു സംഭവം. ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവാണ് മനോജ് കുമാറെന്ന് പൊലിസ് വ്യക്തമാക്കി. എന്നാല്‍ ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. സംഭവദിവസം മധുരൈ-പുനലൂര്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രികനായ മണക്കാട് അട്ടക്കുളങ്ങര സ്വദേശി റഫീഖ് രാജയുടെ രേഖകള്‍ അടങ്ങിയ ബാഗും 22,000 രൂപ വിലവരുന്ന സാംസംഗ്, 9000 രൂപ വിലവരുന്ന ഓപ്പോ സ്മാര്‍ട്ട് ഫോണുകളുമാണ് പ്രതി കവര്‍ന്നത്. ബാഗിനുള്ളില്‍ 3000 രൂപയും എടിഎം കാര്‍ഡുകളും പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവയും ഉണ്ടായിരുന്നു. ട്രെയിനില്‍ ടിക്കറ്റെടുത്ത് കയറിയ പ്രതി നാഗര്‍കോവിലും നേമത്തിനും ഇടയ്ക്കുവച്ചാണ് മോഷണം നടത്തിയതെന്നാണ് സൂചന.
എന്‍ജിന്റെ ഭാഗത്തുനിന്നു മൂന്നാമതു വരുന്ന സ്ലീപ്പര്‍ കോച്ചിലാണ് പ്രതി കയറിയത്. റഫീഖ് രാജ ബാഗ് സീറ്റിനടിയില്വച്ചശേഷം ഉറങ്ങുകയായിരുന്നു. മനോജ്കുമാര്‍ ബാഗ് കൈക്കലാക്കിയശേഷം നേമം സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്നു പണവും ഫോണുകളും കൈക്കലാക്കിയശേഷം ബാഗ് ദൂരേയ്ക്കു വലിച്ചെറിഞ്ഞു. തിരുവനന്തപുരത്തെത്തിയപ്പോള്‍ റഫീഖ് ഉണരുകയും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ബാഗ് നഷ്ടപ്പെട്ടതു മനസിലാക്കുകയുമായിരുന്നു. ഉടന്‍തന്നെ പൊലിസില്‍ പരാതി നല്കി. മോഷ്ടാവ് നേമത്തുനിന്ന് നാഗര്‍കോവിലിലേക്ക് രക്ഷപ്പെട്ടിരുന്നു.
പൊലിസ് അന്വേഷണം നടത്തുന്നതിനിടെ യാദൃശ്ചികമായി നാഗര്‍കോവിലില്‍നിന്ന് ഐലന്‍ഡ് എക്സ്പ്രസില്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തി. വീണ്ടും മറ്റൊരു ട്രെയിനില്‍ക്കയറി മോഷണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനിടെ പൊലിസ് പിടികൂടുകയായിരുന്നു. ബാഗ് കണ്ടെത്താനായില്ലെങ്കിലും പണവും സ്മാര്‍ട്ട്ഫോണുകളും പോലീസ് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.