മുക്കം: സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റക്കാട് സ്മാരക മന്ദിരവും മുളങ്കാടും ഉൾപ്പെടുന്ന മുക്കം കടവിലെ തുരുത്ത് നവീകരിച്ച് വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാൻ പദ്ധതിയുമായി കാരശേരി പഞ്ചായത്ത്.
ഇപ്പോൾ തന്നെ ധാരാളം ആളുകൾ കാറ്റുകൊള്ളാനും വിശ്രമിക്കാനും ഭംഗി ആസ്വദിക്കാനും ഒക്കെ എത്തുന്ന സ്ഥലമാണ് ഈ പ്രദേശം. കാരശേരി പഞ്ചായത്ത് 2005 ൽ എസ്.കെ സ്മാരക മന്ദിരം നിർമിച്ചതോടെയാണ് ഈ തുരുത്ത് ശ്രദ്ധ നേടുന്നത്. എസ്.കെ. പൊറ്റക്കാട് മുക്കത്ത് വന്ന് താമസിച്ച് ഏറെ നാളുകൾ ഈ കടവിലും പ്രദേശത്തും ചെലവഴിച്ചാണ് മുക്കം പശ്ചാത്തലമായി നാടൻ പ്രേമം രചിച്ചത്. ഈ ഓർമ്മക്കും ആദരസൂചകവുമായാണ് അദ്ദേഹത്തിന്റെ സ്മാരകമായി പഞ്ചായത്ത് സ്മൃതി മന്ദിരം നിർമിച്ചത്.
പിന്നീട് ചെറുപുഴയുടെതീരം ഇടിഞ്ഞുനശിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് വി.കെ. വിനോദ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ മുളകൾ വച്ചുപിടിപ്പിച്ചു. ഇരുവഞ്ഞിപ്പുഴയും ചെറു പുഴയും സംഗമിക്കുന്ന കടവിൽ മൂന്നുകരകളെ ബന്ധിപ്പിച്ചുകൊണ്ട് വൈ ആകൃതിയിൽ ആകർഷണീയമായ കോൺഗ്രീറ്റ് പലവും നിർമിച്ചതോടെയാണ് മുക്കം കടവിലെ തുരുത്ത് ധാരാളം ആളുകൾ എത്തുന്ന ഇടമായി മാറിയത്.
പാലം വരുന്നതിനു മുൻപ് വരെ സ്ഥാപനങ്ങൾ ഒന്നുമില്ലാതെ കിടന്ന ഈ പ്രദേശത്ത് ചെറുതും വലുതുമായ ഭക്ഷണശാലകളും വർക്ക്ഷോപ്പുകളും സൂപ്പർമാർക്കറ്റും ഉൾപ്പെടെ 35 ഓളം സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ അനുഭവത്തിൽ നിന്നാണ് പ്രദേശം മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി നവീകരിച്ചാൽ കൂടുതൽ പുരോഗതിയും തൊഴിലവസരങ്ങളും ലഭിക്കുമെന്ന ചിന്തയിലേക്ക് പഞ്ചായത്ത് എത്തിയത്.
മുക്കം പട്ടണത്തിന് സമീപത്ത് പ്രകൃതിരമണീയവും സ്വസ്ഥവുമായ ഒരു കേന്ദ്രം എന്ന നിലയ്ക്ക് ഈ ഭാഗം ഒരു മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് കാരശേരി പഞ്ചായത്ത് പദ്ധതി തയാറാക്കുന്നത്.
മഴക്കാലം ആയാൽ ഈ ഭാഗം വെള്ളത്തിനടിയിലാകാറുണ്ട്. അതുകൊണ്ട് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലുള്ള നിർമാണ മാതൃകയാണ് അവലംബിക്കുക. നിലവിൽ എസ്.കെ. സ്മൃതി മന്ദിരം മേൽക്കൂര ഒക്കെ കേടുവന്ന നിലയിലാണ്. കോൺക്രീറ്റ് കാലുകൾക്ക് മുകളിൽ കെട്ടിടം നിർമിച്ച് സ്മൃതി കേന്ദ്രവും ഗ്രന്ഥാലയവും സാംസ്കാരിക നിലയവും ഉൾപ്പെടെ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
20 അടിയോളം ഉയരത്തിൽ കടന്നുപോകുന്ന പാലത്തിൽ നിന്ന് ഈ കെട്ടിടത്തിലേക്ക് ആകാശപാതയും ഒരുക്കും. സാംസ്കാരിക പരിപാടികൾക്കുള്ള സ്റ്റേജ്, ശൗചാലയം കുടിവെള്ളം മുതലായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള ലഘുഭക്ഷണ ശാലയും സജ്ജീകരിക്കും. മനോഹരമായ പൂന്തോട്ടങ്ങളും ഒരുക്കും. പുഴയോരം കെട്ടി സംരക്ഷിച്ച് ആകർഷണീയമായ ചുറ്റുമതിലും നിർമിക്കും.