ഹെയില് മേരി ബാന്ഡ് വാര്ഷികാഘോഷ ഉദ്ഘാടനം
കോതമംഗലം: രൂപത ഗായകസംഘം ഹെയില് മേരി ബാന്ഡിന്റെ വാര്ഷികാഘോഷം മൂവാറ്റുപുഴ നിര്മല കോളജ് ഓഡിറ്റോറിയത്തില് നടത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പാടും പാതിരി എന്നറിയപ്പെടുന്ന ഗായകനും വോക്കോളജിസ്റ്റും തൃശൂര് ചേതന സംഗീത അക്കാദമി ഡയറക്ടറുമായ ഫാ. ഡോ. പോള് പൂവത്തിങ്കല് സിഎംഐ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
സമാപന സമ്മേളനത്തില് കോതമംഗലം രൂപത ചാന്സലര് ഫാ.ഡോ. ജോസ് കുളത്തൂര് അധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ് മാര് ജോര്ജ് മഠത്തിക്കണ്ടത്തില് സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ഗായകസംഘത്തിന്റെ വെബ്സൈറ്റ് സമ്മേളനത്തില് ലോഞ്ച് ചെയ്തു. രൂപത ഗായകസംഘം ഡയറക്ടര് ഫാ. ജിന്സ് പുളിക്കല്, അസി. ഡയറക്ടര് ഫാ.ഡോ. ജോണ്സന് ഒറോപ്ലാക്കല്, നിര്മല കോളജ് പ്രിന്സിപ്പല് ഫാ.ഡോ. ജസ്റ്റിന് കണ്ണാടന്, ബാന്ഡ് ജനറല് കോ-ഓര്ഡിനേറ്റര് ബേബി ജോണ് കലയന്താനി എന്നിവര് പ്രസംഗിച്ചു.
രൂപതയിലെ 130 കലാകാരന്മാര് വാര്ഷികാഘോഷങ്ങളില് പങ്കെടുത്തു. ഹെയിൽ മേരി ബാന്ഡ് ആദ്യമായി ഇറക്കുന്ന മ്യൂസിക് ആല്ബം "ഹോളി യൂക്കരിസ്റ്റ്'ചടങ്ങില് പ്രകാശനം ചെയ്തു. ഫാ. പ്രിന്സ് പരത്തിനാല് സിഎംഐ, ഫാ. ജോസ് വടക്കേടത്ത്, ബേബി ജോണ് കലയന്താനി, മികച്ച അവതാരകനായി ബുക്ക് ഓഫ് റിക്കാര്ഡ്സില് ഇടംനേടിയ കെവിന് ആന്റണി ജോഷി, ബെസ്റ്റ് പ്രീസ്റ്റ് കമ്യൂണിക്കേറ്റര് അവാര്ഡ് നേടിയ ഫാ. ജോസ് വെട്ടിക്കുഴിച്ചാലില് എന്നിവരെ ചടങ്ങില് ആദരിച്ചു.