എടത്വ: വെള്ളത്തില്‍ ഇറക്കിവച്ച് പ്രവര്‍ത്തിക്കുന്ന സബ്മെര്‍സിബിള്‍ പമ്പ് സ്ഥാപിക്കാനായി പുറംബണ്ട് വെട്ടിപൊളിച്ചതോടെ പൊതുജനങ്ങള്‍ക്ക് മറുകര കടക്കേണ്ടത് ബണ്ടിന് കുറുകെ ഇട്ട ഇലക്ടിക് പോസ്റ്റിലൂടെ. സ്ഥാപിച്ച പമ്പ് കത്തിപ്പോയതോടെ പമ്പിംഗും വഴിയുമില്ലാത്ത അവസ്ഥയിലാണ്.
വീയപുരം ചെറുതന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുതന പഞ്ചായത്തിലൂടെ കടന്നു പോകുന്ന ചില്ലാക്കേരി-പൂപ്പള്ളി റോഡാണ് പാടശേഖരത്തിന്റെ പമ്പിങ് മോട്ടര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതം അടഞ്ഞത്. 220 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാടശേഖരത്തിന്റെ പുറംബണ്ടാണ് പ്രദേശവാസികള്‍ അച്ചനാരി റോഡായി ഉപയോഗിക്കുന്നത്.
2024-25 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തില്‍ നിന്ന് സബ്മെര്‍സിബിള്‍ പമ്പ് സെറ്റ് നല്‍കുകയായിരുന്നു. പ്രവര്ത്തിപ്പിച്ചതിലേയോ സ്ഥാപിച്ചതിലെയോ അപാകത മൂലം 50 ഹോഴ്സ് പവറുള്ള പമ്പ്സെറ്റ് കത്തിപ്പോയിരുന്നു. പമ്പ് സെറ്റ് കത്തിപ്പോയതിനെ തുടര്‍ന്ന് പമ്പ് വയ്ക്കാന്‍ സജ്ജമാക്കിയ സ്ഥലം തോടായി കിടക്കുകയാണ്.
സ്ഥലം നികത്തിയെങ്കില്‍ മാത്രമേ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയൂ. സ്കൂള്‍ വിദ്യാര്‍ഥികൾ, സര്‍ക്കാര്‍ ജോലിക്കാര്‍, തൊഴിലാളികള്‍ തുടങ്ങി നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണ് വഴിയാധാരമായത്. സൈക്കിളില്‍ അധികവും യാത്ര ചെയ്യുന്ന സ്കൂള്‍ കുട്ടികള്‍ ഒരുവര്‍ഷമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇതുമൂലം കിലോമീറ്റര്‍ സഞ്ചരിച്ചാണ് വിയപുരം ആയാപറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ യാത്ര ചെയ്യുന്നത്. നിലവില്‍ കാല്‍നടയാണ് വിദ്യാര്‍ഥികളുടെ ആശ്രയം. പ്രദേശത്ത് ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഒരു വൈദ്യുതി തൂണ് തോടിന് കുറുകെ പാലമായിട്ടാണ് മറുകര കടക്കുന്നത്. പ്രദേശവാസികള്‍ പാടശേഖര സമിതിയ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുഞ്ച സ്പെഷല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല.
പുഞ്ച സ്പെഷല്‍ ഓഫീസര്‍ പരിശോധനയ്ക്കായി സ്ഥലത്തെത്തി പാടശേഖര സമിതിയുടെ അഭിപ്രായം മാത്രം കേട്ട് പരാതി പരിഗണിക്കാതെ പോയെന്നും ആക്ഷേപമുണ്ട്. റോഡല്ലെന്നും പാടശേഖരത്തിന്റെ പുറംബണ്ടാണെന്നും പാടശേഖര സമതി ഓഫീസറെ തെറ്റിദ്ധരിപ്പിച്ച് മടക്കിയെന്നാണ് ആക്ഷേപം. അതേസമയം റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് രമേശ് ചെന്നിത്തല എംഎല്‍എ 50 ലക്ഷം രൂപ അനുവദിക്കുകയും പകുതിഭാഗം വരെ റോഡ് ടാര്‍ ചെയ്ത് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Tags : nattu vishesham embankment demolished