പ്രതീകാത്മക ചിത്രം
ഗൂഡല്ലൂർ: നീലഗിരിയിലെ ഓവാലി പഞ്ചായത്തിലെ ലാറസ്റ്റൻ വനമേഖലയിൽ പൊതുജനങ്ങൾക്ക് ഭീഷണിയായ നരഭോജി കടുവയെ പിടികൂടാൻ സാധിക്കാത്തത് വനംവകുപ്പിന് തലവേദനയായി മാറുന്നു. 26 ദിവസമായി ഈ കടുവയ്ക്കായി തെരച്ചിൽ തുടരുകയാണ്.
വനംവകുപ്പിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിട്ടും പ്രയോജമമുണ്ടായില്ല. കടുവ മറ്റെവിടേക്കെങ്കിലും കടന്നിരിക്കാമെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് വനം മന്ത്രി രഞ്ജിത്കുമാർ ഗൂഡല്ലൂർ സന്ദർശിച്ചപ്പോൾ കടുവയെ ഉടനെ പിടികൂടുമെന്ന് പറഞ്ഞിരുന്നു. എങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കടുവാപ്പേടി കാരണം ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ലാറസ്റ്റൻ സ്വദേശികളായ ബാലകൃഷ്ണൻ, രവികുമാർ എന്നിവരെയാണ് കടുവ ഭക്ഷിച്ചത്. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് കടുവയെ പിടികൂടാൻ തീരുമാനിച്ചത്.
തുടർന്ന് ആവശ്യമായ ഇടങ്ങളിൽ കാമറകളും കൂടുകളും സ്ഥാപിച്ച് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.