തൊടുപുഴ: പാചകവാതകക്ഷാമവും തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതും ഹോട്ടല്‍ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂര്‍ണമായി നിലച്ചതോടെ പാചകവാതകം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ ഭൂരിഭാഗവും അടച്ചുപൂട്ടി. വളരെ കുറഞ്ഞ എണ്ണം ഹോട്ടലുകളും റസ്റ്ററന്റുകളും മാത്രമാണ് ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. മിതമായ നിരക്കില്‍ ഭക്ഷണവിതരണം നടത്തിയിരുന്ന ചെറുകിട ഹോട്ടലുകള്‍ പൂര്‍ണമായും അടച്ച സ്ഥിതിയാണ്.
സ്വകാര്യ ഏജന്‍സികളില്‍നിന്നു പാചകവാതകമെടുത്ത് സ്ഥാപനം പ്രവര്ത്തിപ്പിക്കാമെന്നുവച്ചാലും വലിയ വില നല്‍കേണ്ടി വരുന്നതിനാല്‍ ഇതിന് ഹോട്ടലുടമകള്‍ തയാറല്ല. ചില തട്ടുകടകളില്‍ ഇപ്പോള്‍ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചുവരുന്നുണ്ട്. മണ്ണെണ്ണയുടെ ലഭ്യതക്കുറവുമൂലം ഡീസലും സ്റ്റൗ കത്തിക്കാനായി ഉപയോഗിക്കുന്നുണ്ട്.
ഇതിനിടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലും സ്വദേശങ്ങളിലേക്കു മടങ്ങിയത്. ഹോട്ടല്‍ മേഖലയില്‍ ഇപ്പോള്‍ ജോലിയെടുക്കുന്നതില് ബഹുഭൂരിപക്ഷംപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. പാചകവാതകക്ഷാമത്താല്‍ പല സ്ഥാപനങ്ങളും പൂട്ടിയതുമൂലം ജോലി നഷ്ടമായ തൊഴിലാളികളും നാട്ടിലേക്കു മടങ്ങി. ഹോട്ടലുകള്‍ അടച്ചുപൂട്ടിയതുമൂലം ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റു വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരും പ്രതിസന്ധിയിലാണ്.
Tags : hotel sector nattuvishesham local news