ആറ്റിങ്ങൽ: കോടതി സെന്ററിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സന്ദർശനം നടത്തി. ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികൾ ജസ്റ്റിസിനെ സന്ദർശിച്ച് ആറ്റിങ്ങൽ കോടതികളുടെ സ്ഥലപരിമിതികളെക്കുറിച്ചും കെട്ടിടങ്ങളുടെ ശോചനീയാവസ്ഥകളെ കുറിച്ചും അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആറ്റിങ്ങലിൽ സന്ദർശനം നടത്തിയത്.
ആറ്റിങ്ങൽ കോർട്ട് കോംപ്ലക്സിലെ വിവിധ സ്ഥലങ്ങളിലായി കിടക്കുന്ന മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. പുതിയ കോടതി സമുച്ചയം നിർമിക്കുന്നതിന് ആവശ്യമായ പ്രാഥമിക നടപടികൾ സമയബന്ധിതമായി ചെയ്യാമെന്ന് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
ആറ്റിങ്ങലിൽ ഒരു ജില്ലാ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും ബാർ അസോസിയേഷൻ ഭാരവാഹികൾ ജസ്റ്റിസിനോട് ഉന്നയിച്ചു. ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എസ്.നസീറ, ആറ്റിങ്ങൽ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സി.ആർ.ബിജു കുമാർ, കുടുംബ കോടതി ജഡ്ജ് എൻ.വി.രാജു, ആറ്റിങ്ങൽ സബ്ജഡ്ജ് എ.ആർ.അർഷദ് ഖാൻ , ജുഡീഷ്യൽ ഓഫീസർമാരായ സബ ഉസ്മാൻ, എസ്.അമ്പിളി, ഏബിൾ ഡേവിഡ്, സ്വാതി ആർ.കൃഷ്ണൻ എന്നിവരും ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് ഷിഹാബുദ്ദീൻ കുറിയേടത്ത്, സെക്രട്ടറി വി.എൽ.ദിലീപ് , വൈസ് പ്രസിഡന്റ് വി.എം.രഞ്ചു, ട്രഷറർ പെരുമാതുറ നിസാർ, ജോയിന്റ് സെക്രട്ടറി എ.നജിമുദ്ദീൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജെ.ആർ.ശ്രീരാഗ് , ബിസ്മി, സഹന സലിം, അഞ്ജന എന്നിവരും പങ്കെടുത്തു.
Tags : Justice Devan Ramachandran visited Attingal court