കാവയ്യം പ്രദേശത്തേക്കുള്ള മണ്‍പാത ചെളിവെള്ളക്കെട്ടായ നിലയില്‍.
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഭൂരഹിത പുനരധിവാസ പദ്ധതി പ്രദേശത്തേക്കുള്ള യാത്ര ദുരിതമാകുന്നു. ഇവിടേയ്ക്ക് പോകണ്ട മൺ പാത ചെളിവെള്ള ക്കെട്ടായി മാറി കഴിഞ്ഞു. കുളത്തൂപ്പുഴ അമ്പലം വാര്‍ഡിലെ അങ്കണവാടിക്ക് മുന്നിലൂടെ പോകുന്ന കാവയ്യം പ്രദേശത്തേക്കുള്ള മണ്‍പാതയാണ് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയത്.
കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഭൂരഹിത പുനരധിവാസ പദ്ധതികള്‍ പ്രകാരം ആനുകൂല്യം കൈപ്പറ്റി സ്വകാര്യ ഭൂമി വിലകൊടുത്തു വാങ്ങി വീടു നിര്‍മിച്ച് താമസമാക്കിയവരാണ് അങ്കണവാടിക്ക് സമീപത്തുളള കാവയ്യം പ്രദേശത്തും മറ്റും താമസിക്കുന്നത്. ഇവിടേക്കുള്ള ഏക യാത്രാമാര്‍ഗമാണ് അങ്കണവാടിക്ക് മുന്നിലൂടെ കടന്നു പോകുന്ന മണ്‍പാത. വര്‍ഷങ്ങള്‍ക്ക് മുമ്പ് വയല്‍ നികത്തി കരയാക്കിയ പ്രദേശമാണിത്. ചെറുവാഹനങ്ങള്‍ കടന്നു പോകുന്ന പാതയാകെ ചെളി വെളളകെട്ടായി മാറിയിരിക്കുകയാണ്. പാതക്ക് ഇരുവശവും കാടുമൂടി കിടക്കുകയാണ്.
ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലൂടെ കടന്നു പോകുന്ന പാതയുടെ തുടക്കഭാഗത്തെ ഭൂമി വിട്ടുനല്‍കാന്‍ പഞ്ചായത്ത് തയാറാകാത്തതാണ് സഞ്ചാരയോഗ്യമായ വഴി ഒരുക്കുന്നതിന് തടസമാകുന്നത്. ചെളിക്കുളമായി മാറിയ പാതയിലെ കുഴികളില്‍ മണ്ണിട്ട് നികത്തി കാല്നടയാത്രയെങ്കിലും സുഗമമാക്കണമെന്നാണ് താമസക്കാരുടെ ആവശ്യം.
Tags : Local News Nattuvishesham Kollam