കരുവാരകുണ്ട്: ബലക്ഷയം സംഭവിച്ച കമാനം റെയില്‍വേ മേല്‍പാലം നിലവിലെ അലൈന്മെന്റില് പൊളിച്ചുപണിയാനുള്ള റെയില്‍വേയുടെ നിര്‍ദേശം സര്‍വകക്ഷിയോഗം തള്ളി. സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്ത് നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ സര്‍വകക്ഷി അംഗങ്ങള്‍ ഉറച്ചുനിന്നു. സ്ഥലം ഏറ്റെടുത്ത് പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് യോഗത്തില്‍ പങ്കെടുത്ത മന്ത്രി എ.പി. അനില്‍കുമാര്‍ വ്യക്തമാക്കി.
നാലുമാസം മുന്‍പ് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ പാലം ഗതാഗതത്തിന് അനുയോജ്യമല്ലെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാലത്തിന്റെ കാലപ്പഴക്കവും കല്ലുകള്‍ക്കിടയിലെ വിടവുകള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുനര്‍നിര്‍മാണം അനിവാര്യമായത്. വിഷയത്തില്‍ രണ്ട് നിര്‍ദേശങ്ങളാണ് റെയില്‍വേ മുന്നോട്ടുവെച്ചിരുന്നത്.
നിലവിലെ പാലം നിലനിര്‍ത്തി ഒരു ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ 18 മീറ്റര്‍ വീതിയുള്ള സ്ഥലം ഏറ്റെടുത്ത് പുതിയ അലൈന്മെന്റില് പാലം നിര്‍മിക്കുക,നിലവിലെ പാലം പൂര്‍ണമായി പൊളിച്ചുമാറ്റി അതേ അലൈന്മെന്റില് ഒന്‍പത് മീറ്റര്‍ വീതിയില്‍ ഒരു വര്‍ഷത്തിനകം പുതിയ പാലം നിര്‍മിക്കുക. രണ്ടാമത്തെ നിര്‍ദേശ പ്രകാരം പ്രീഫാബ്രിക്കേറ്റഡ് ഗര്‍ഡറുകള്‍ നിര്‍മാണ സ്ഥലത്ത് എത്തിച്ച ശേഷം മാത്രം പഴയ പാലം പൊളിക്കാമെന്നും നിര്‍മാണകാലത്ത് കാല്‍നടയാത്രക്കാര്‍ക്കായി താത്കാലിക നടപ്പാലം ഒരുക്കാമെന്നും റെയില്‍വേ വിശദീകരിച്ചിരുന്നു.
എന്നാല്‍ നിലവിലെ പാലം പൊളിച്ചുമാറ്റിയാല്‍ നിര്‍മാണകാലയളവില്‍ തുവൂര്‍ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെടും. ഇത് പ്രദേശത്തെ യാത്രക്കാരെയും വ്യാപാരികളെയും ബസ് സര്‍വീസുകളെയും ദീര്‍ഘകാലം പ്രതികൂലമായി ബാധിക്കുമെന്ന് സര്‍വകക്ഷിയോഗ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
ഈ ഗതാഗത സ്തംഭനം ഒഴിവാക്കാനാണ് സ്ഥലം ഏറ്റെടുത്ത് സമാന്തര പാലം നിര്‍മിക്കണമെന്ന നിലപാടില്‍ യോഗം തീരുമാനമെടുത്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ്, കെ.കെ. സുരേന്ദ്രന്, പി.എ. മജീദ്, അസീസ് ചാത്തോലി എന്നിവര്‍ക്ക് പുറമെ ബസ് ഓണേഴ്സ് അസോസിയേഷന്, ബസ് തൊഴിലാളി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
Tags :