ചമ്പക്കുളത്തെ മേളപ്പുര
ചമ്പക്കുളം: കല്ലൂർക്കാട് ദേശം എല്ലാക്കാലത്തും കലാകാരൻമാർക്ക് പ്രോത്സാഹനമായി നിന്നിട്ടുള്ള ഒരു സ്ഥലമായിരുന്നു. ചമ്പക്കുളം കല്ലൂർക്കാട് പള്ളി അതത് കാലഘട്ടങ്ങളിലെ കലാകാരൻമാർക്ക് വലിയ പിന്തുണ നല്കിയിരുന്നു. ഇതിന്റെ ഏറ്റവും മികച്ച ശേഷിപ്പാണ് ഇവിടുത്തെ കൊട്ടുപുര. മേളപ്പുര എന്നറിയപ്പെടുന്ന നാലുവശത്തു നിന്നും ആളുകൾക്ക് മേളങ്ങൾ ആസ്വദിക്കാനാവും വിധം നിർമിക്കപ്പെട്ടിരിക്കുന്ന ഈ മേളപ്പുരയിൽ പതിനെട്ടാം നൂറ്റാണ്ടു മുതൽ നിരവധി മേളക്കാരും കലാകാരൻമാരും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
തുള്ളൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പലവട്ടം ചമ്പക്കുളത്തെ കൊട്ടുപുരയിൽ തുള്ളൽ അവതരിപ്പിച്ചിട്ടുള്ളതായി പറയപ്പെടുന്നു. 20-ാം നൂറ്റാണ്ടിലെ പല പ്രമുഖ ക്ലാർനെറ്റ് കച്ചേരിക്കാരും കല്ലൂർക്കാട്ടെ കൊട്ടു പുരയിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. അതിരമ്പുഴ, മാന്നാനം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് സ്ഥിരമായി ഇവിടെ എത്തി കച്ചേരി അവതരിപ്പിച്ചിരുന്നു.
ഉയരത്തിൽ നിർമിച്ചിരുന്ന കൊട്ടുപുരയുടെ നാലുവശത്തു നിന്നും കാഴ്ചക്കാർക്ക് നന്നായി വീക്ഷിക്കാവുന്ന തരത്തിലാണ് കൊട്ടു പുരയുടെ നിർമിതി. നാനാജാതി മതസ്ഥരായ കലാകാരൻമാർക്ക് വേദി ഒരുക്കിയ നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഒന്നാണ് ചമ്പക്കുളത്തെ മേളപ്പുര.
Tags : Champakulam nattuvishesham local news