പയ്യന്നൂര്: ചെറിയ കാര്യങ്ങളില്പോലും കണിശത പാലിച്ചിരുന്ന നേതാക്കന്മാരുണ്ടായിരുന്ന സ്ഥലമാണ് പയ്യന്നൂരെന്നും ഈ മണ്ണിന്റെ പവിത്രതയെ ഉയര്ത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
പയ്യന്നൂര് മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി ടി.ഐ. മധുസൂദനന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം പോലീസ് മൈതാനിയില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഇടതുപക്ഷ കോട്ടയായ പയ്യന്നൂരിന്റെ പവിത്രതയെ കളങ്കപ്പെടുത്താന് ആരുശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കില്ല. പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതയിലൂന്നിയ പ്രവര്ത്തനങ്ങളിലൂടെ വികസിത കേരളമായി നാടിനെ മാറ്റിയെടുക്കാന് എല്ലാവരുടെയും കൂട്ടായ പരിശ്രമം വേണം.
പയ്യന്നൂര് മണ്ഡലത്തില് കഴിഞ്ഞ അഞ്ച് വര്ഷം നടപ്പിലാക്കിയ വികസന പ്രവര്ത്തനങ്ങളും നിയമസഭയില് നടത്തിയ ഇടപെടലുകളുമടങ്ങിയ വെബ് സൈറ്റ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന് പ്രകാശനം ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വി. ബാലന് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സ്ഥാനാര്ഥി ടി.ഐ. മധുസൂദനന്, സി. സത്യപാലന്, പി. സന്തോഷ്, പി. ശശിധരന്, സരിന് ശശി, കെ.വി. ബാബു, ജോയ്സ് പുത്തന്പുര, പി.പി. ദിവാകരന്, പി.വി. ദാസന്, പി. ജയന്, ഇക്ബാല് പോപ്പുലര്, ഒ.ടി. സുജേഷ്, ജോസ് മാത്യു, അസൈനാര് അരവഞ്ചാല് എന്നിവര് പങ്കെടുത്തു.
Tags : nattu vishesham sanctity child should be upheld