കൂടല്‍മാണിക്യം ശ്രീസംഗമേശ വേദമന്ദിരത്തിന്റെ ഉദ്ഘാടനം
ഇരിങ്ങാലക്കുട: ഭാരതീയ സംസ്കൃതിയുടെ നിലനില്‍പ്പ് വേദങ്ങളില്‍ അധിഷ്ഠിതമാണെന്നും കേരളീയ ശൈലിയിലുള്ള വേദാലാപനം ഏറെ ഉത്കര്ഷമാണെന്നും കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി അഭിപ്രായപ്പെട്ടു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം നിര്‍മിച്ച ശ്രീസംഗമേശവേദ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ജലാശയങ്ങളുടെ സംരക്ഷണത്തെപ്പറ്റി യജുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് ക്ഷേത്രക്കുളങ്ങള്‍ പരിരക്ഷിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.
ന്ദിരത്തിലെ ശങ്കരമണ്ഡപത്തില് ധര്മധ്വജസ്ഥാപനവും മഹാ പെരിയബ്ലോക്കും ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. ഇടനീര്‍ മഠം പീഠാധിപതി സച്ചിദാനന്ദ ഭാരതി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡിജിറ്റല്‍ ക്ലാസ്റൂം, ഐടി സയന്‍സ് ലാബുകള്‍ എന്നിവ മഹര്‍ഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി വിരൂ പാക്ഷ ജഡിപാല് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സോക്കര്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്തു. സഭായോഗത്തില്‍ പ്രസിഡന്റ് പാമ്പുമേയ്ക്കാട് ശ്രീധരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി പ്രഫ. വിരൂപാക്ഷ ജഡിപാല്, ജ്യോതിഷ പണ്ഡിതന് ബി. പദ്മനാഭ ശര്‍മ, പാഠശാല സെക്രട്ടറി സജി നമ്പൂതിരിപ്പാട്, ട്രഷറര്‍ കാവനാട് കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വേദപഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഡിജിറ്റല്‍ ക്ലാസ് റൂം, ഐടി സയന്‍സ് ലാബുകള്‍, സോക്കര്‍ ടര്‍ഫ് എന്നിവയടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ വേദമന്ദിരത്തിലുള്ളത്.