തെക്കേമലയിലെ നിർമാണം നിലച്ച ആരോഗ്യ ഉപകേന്ദ്രം.
തെക്കേമല: സാധാരണക്കാരായ ആളുകളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പെരുവന്താനം പഞ്ചായത്തിലെ തെക്കേമല വാർഡിൽ ആരംഭിച്ച ആരോഗ്യ ഉപകേന്ദ്രം കെട്ടിടത്തിന്റെ നിർമാണം നിലച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കേന്ദ്രാവിഷ്കൃത ഫണ്ട് 55 ലക്ഷം രൂപ ഉപയോഗിച്ച് ഈ കെട്ടിടത്തിന്റെ ജോലികൾ ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. തറയുടെ നിർമാണം പൂർത്തിയായിരുന്നു. പില്ലറിനുള്ള കമ്പികൾ ഉയർന്നു നിൽക്കുന്ന പ്രദേശവും നിർമാണത്തിനായി എത്തിച്ച സാധന സാമഗ്രികളും കാടുകയറി മൂടിയ നിലയിലാണ്.
പ്രദേശത്തെ ആളുകൾക്ക് കിലോമീറ്ററുകൾ സഞ്ചരിച്ച് മുണ്ടക്കയത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സേവനം ലഭിക്കേണ്ട സാഹചര്യത്തിലാണ് ഇവിടെ ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ, കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം പെരുവന്താനം പഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നതോടെ ഇതിന്റെ നിർമാണം നിലയ്ക്കുകയായിരുന്നു. ഇതിനെതിരേ പ്രദേശത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാക്കിയ ശേഷം ഈ ഉപകേന്ദ്രം മറ്റു വാർഡിലേക്ക് മാറ്റിസ്ഥാപിക്കാൻ രാഷ്ട്രീയനീക്കങ്ങൾ നടക്കുന്നതായി മുൻ വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് ആരോപിച്ചു.
നിർമാണം എത്രയും വേഗം പൂർത്തിയാക്കി ആശുപത്രി ഉപകേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Tags : Local News Nattuvishesham Thekkamala Construction building